നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം, ശബരിമല ആചാരം സംരക്ഷിക്കണം
തിരുവനന്തപുരം: സി.പി.എം ശബരിമല യുവതീ പ്രവേശനത്തിലുൾപ്പെടെ വിശ്വാസികൾക്കൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാട് മാറ്റിയിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ തവണ സമർപ്പിച്ച സത്യവാംങ്മൂലത്തിൽ ഉറച്ചുനിൽക്കുകയാണ്. ഇന്നത്തെ സാമൂഹിക പരിതസ്ഥിതി കൂടി കണക്കിലെടുത്ത് നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ടു പോകാനാണ് പാർട്ടി സെക്രട്ടേറിയറ്റിന്റെ തീരുമാനം.
യുവതീ പ്രവേശനം വേണോ വേണ്ടയോ എന്നതല്ല സുപ്രീംകോടതിയുടെ ചോദ്യം. കോടതി പരിഗണനയിലുള്ള ഏഴ് ചോദ്യങ്ങളിൽ യുവതീ പ്രവേശനം നേരിട്ടു വരുന്നില്ല. എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന ഭരണഘടനാപരമായ പരിശോധനയാണിത്.
ആചാരത്തിലും പരിഷ്കാരത്തിലും അറിവുള്ളവരുമായി സംസാരിച്ച് നിലപാട് സ്വീകരിക്കണം. പണ്ഡിതരുമായി ചർച്ച ചെയ്യണം.
സുധാകരനെ എന്തിന്
അനുനയിപ്പിക്കണം
പാർട്ടിയിൽ നിന്നു പുറത്തുപോയ ജി.സുധാകരനെ ഇനി എന്തിന് അനുനയിപ്പിക്കണമെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. അദ്ദേഹം ഒന്നരമണിക്കൂർ വാർത്താ സമ്മേളനം നടത്തി. എന്തു തീരുമാനവും എടുക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ജനങ്ങൾക്ക് എല്ലാം ബോദ്ധ്യമുള്ളതാണ്. അദ്ദേഹത്തിന് ബോദ്ധ്യമില്ലാത്തതു കൊണ്ടാണല്ലോ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരുന്നത്. അമ്പലപ്പുഴ ഞങ്ങളുടെ സിറ്റിംഗ് സീറ്റാണ്. അവിടെ നല്ല ഭൂരിപക്ഷത്തിന് ജയിക്കും. ഗോവിന്ദൻ മാഷിന്റെ ചിരി കാരണമാണ് സുധാകരൻ പുറത്തുപോയതെന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, ഞാൻ ഇപ്പോഴും ചിരിക്കുന്നുണ്ടല്ലോ എന്നായിരുന്നു മറുപടി.
പാചകവാതക ക്ഷാമം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പാർട്ടി അംഗങ്ങൾ മുന്നിട്ടിറങ്ങണം. പൂഴ്ത്തിവയ്പ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജനകീയ ഇടപെടൽ വേണം.