കേരളത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഫാഷന്‍; പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട്

Saturday 14 March 2026 12:24 AM IST

വീടും പരിസരവും അലങ്കരിക്കാന്‍ പൂന്തോട്ടം വച്ച് പിടിപ്പിക്കുന്നതും അവ സംരക്ഷിക്കുന്നതും പലരുടേയും ശീലമാണ്. ഇതിനായി വലിയ രീതിയിലുള്ള സമയവും പണവും ചെലവാക്കാനും പലരും താത്പര്യം കാണിക്കാറുണ്ട്. അടുത്തകാലത്തായി അത്തരത്തില്‍ കേരളത്തില്‍ കണ്ടുവരുന്ന ഒന്നാണ് മതിലുകളിലും ചുവരിലുമെല്ലാം പടര്‍ന്ന് നില്‍ക്കുന്ന മഞ്ഞ നിറത്തിലുള്ള ഒരുകൂട്ടം പൂക്കള്‍. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ അത്തരം പൂക്കളുടെ ദൃശ്യങ്ങളും ചിത്രങ്ങളും വൈറലാകാറുണ്ട്.

ക്യാറ്റ്സ് ക്ലോ എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള പൂക്കളാണ് ഇത്തരത്തില്‍ വൈറല്‍ ഫാഷനായി മാറിക്കൊണ്ടിരിക്കുന്നത്. പലരും തങ്ങളുടെ വീടിനെ കൂടുതല്‍ മനോഹരമാക്കാന്‍ ഇവ വച്ച് പിടിപ്പിക്കാറുമുണ്ട്. എന്നാല്‍ ചെറിയൊരു പ്രശ്നമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സസ്യ ശാസ്ത്രജ്ഞര്‍. കാണാന്‍ അതിമനോഹരമാണെങ്കിലും ക്യാറ്റ്സ് ക്ലോ ആളത്ര നിസാരക്കാരനല്ല. പ്രകൃതിക്കും വന സമ്പത്തിനും ഭീഷണിയായ ഇവ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടവയാണ്.

പൂച്ചയുടെ നഖം പോലെ മരത്തിലും ഭിത്തികളിലും അള്ളിപ്പിടിച്ച് കയറുന്നതുകൊണ്ടാണ് (ക്യാറ്റ്സ് ക്ലോ) ഇങ്ങനെയൊരു പേര്. 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരാന്‍ ഇവയ്ക്കു കഴിയും. വര്‍ഷത്തില്‍ രണ്ട് തവണ പൂക്കുന്നതു കൊണ്ടും, പരിപാലനം അധികം ആവശ്യമില്ലാത്തതിനാലും പലരും തങ്ങളുടെ വീട്ടുമുറ്റത്തും ബാല്‍ക്കണിയിലുമെല്ലാം ഇവ ധാരാളമായി നട്ടുപിടിപ്പിക്കുന്നുമുണ്ട്.

ക്യാറ്റ്സ് ക്ലോ ഒരു മരത്തില്‍ പടര്‍ന്നു കയറിയാല്‍ സൂര്യപ്രകാശം കിട്ടാത്ത വിധം ഇലകളെ പൊതിയും. സ്വാഭാവികമായും ആ മരം നശിക്കും. നിലത്ത് പടര്‍ന്നു കയറുന്നതും ഏറെ പ്രശ്നമാണ്. അടുത്തുള്ള സസ്യങ്ങളെയെല്ലാം നശിപ്പിക്കുന്ന ഒരു അധിനിവേശ സസ്യമാണ് ക്യാറ്റ്സ് ക്ലോ. അതുകൊണ്ട് തന്നെയാണ് ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇവയെ നിരോധിച്ചിരിക്കുന്നതും. അമേരിക്കയിലെ ഫ്ളോറിഡയിലും ക്യാറ്റ്സ് ക്ലോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.