അച്ഛൻ മകന്റെ തലയ്ക്ക് കൊടുവാളിന് വെട്ടി

Saturday 14 March 2026 12:37 AM IST
കെ.എൽ.എബ്രഹാം

കൊട്ടാരക്കര: പനവേലിയിൽ അച്ഛൻ മകനെ തലയ്ക്ക് വടിവാളിന് വെട്ടി പരിക്കേൽപ്പിച്ചു. പനവേലി ഉഗ്രൻമുക്ക് സഞ്ജു നിവാസിൽ സഞ്ജുവിനാണ് (30) പരിക്കേറ്റത്. അച്ഛൻ കെ.എൽ.എബ്രഹാമിനെ (64) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 7.3നായിരുന്നു സംഭവം.

വിരമിച്ച പട്ടാളക്കാരനായ എബ്രഹാം രോഗിയായ ഭാര്യയെ ഉപദ്രവിച്ചതാണ് സംഭവത്തിന് തുടക്കം. സഞ്ജു ഇത് ചോദ്യം ചെയ്തതോടെ കൊടുവാൾകൊണ്ട് എബ്രഹാം വെട്ടുകയായിരുന്നു. സഞ്ജുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയുടെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റു, 11 തുന്നിക്കെട്ട് വേണ്ടിവന്നു. തലയോട്ടിക്ക് പൊട്ടലുണ്ടായി. വലത് ചെവിക്കും വെട്ടേറ്റു. തടസം നിന്ന സഞ്ജുവിന്റെ ഭാര്യയുടെ തള്ളവിരലിനും വെട്ടേറ്റു. ഇവരുടെ അടിവയറ്റിൽ ചവിട്ടിയതായാണ് പരാതിയിൽ വ്യക്തമാക്കിയത്. കൊട്ടാരക്കര എസ്.ഐമാരായ എ.ആർ.അഭിലാഷ്, പങ്കജ് കൃഷ്ണ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.