ആദ്യ ഗുരുദേവ പ്രതിഷ്ഠാ ശതാബ്ദി ആഘോഷത്തിന് ശിവഗിരിയിൽ തുടക്കമായി
ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ സശരീരനായിരുന്ന കാലത്ത് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ സ്ഥാപിതമായ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾക്ക് ശിവഗിരിയിൽ തുടക്കമായി.
രാവിലെ സന്യാസിമാരുടെ നേതൃത്വത്തിൽ മഹാസമാധി സന്നിധിയിൽ വിശേഷാൽ പൂജയും സമൂഹാർച്ചനയും പ്രാർത്ഥനയും നടന്നു. ദൈവദശകം ഹാളിൽ നടന്ന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. .ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ജ്ഞാനതീർത്ഥ, സ്വാമി അസംഗാനന്ദഗിരി, സ്വാമി സുകൃതാനന്ദ എന്നിവർ പ്രഭാഷണം നടത്തി. ജി.ഡി.പി.എസ് പി.ആർ.ഒ ഡോ.സനൽ നന്ദി പറഞ്ഞു.
ഗുരുദേവൻ പ്രത്യക്ഷ
ബ്രഹ്മം: സ്വാമി സച്ചിദാനന്ദ
ശ്രീനാരായണ ഗുരുദേവനെ പ്രത്യക്ഷ ബ്രഹ്മമായി ദർശിച്ചുള്ള സമാരാധനയ്ക്ക് പ്രാരംഭം കുറിക്കപ്പെട്ട സംഭവമാണ് തലശ്ശേരി ജഗന്നാഥക്ഷേത്രാങ്കണത്തിൽ ഗുരുവിന്റെ അനന്തരഗാമിയായ ബോധാനന്ദ സ്വാമി പ്രതിഷ്ഠിച്ച ആദ്യ പഞ്ചലോഹ വിഗ്രഹമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
വേദാന്ത ശാസ്ത്ര പ്രകാരം ബ്രഹ്മത്തെ അറിഞ്ഞയാൾ ബ്രഹ്മമാണ്.ശങ്കരാചാര്യർ മനീഷാപഞ്ചകത്തിൽ ഈശ്വര സാക്ഷാത്ക്കാരം നേടിയ ഗുരുവിനെ ദൈവമെന്ന്
വിളിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു. അങ്ങനെയുളള ജഗത്ഗുരുവിന്റെ തൃപ്പാദം ദേവതമാർ നമസ്കരിക്കുമെന്നും ശങ്കരാചാര്യർ ഉപദേശിക്കുന്നു. ശ്രീനാരായണഗുരു മരുത്വാമലയിലെ തപസ്സോടെ ഈശ്വരസത്യത്തെ സാക്ഷാത്ക്കരിച്ച് നാമും ദൈവവും ഒന്നായിരിക്കുന്നു: നാം ദൈവം മാത്രമായിരിക്കുന്നു എന്ന് ആത്മവിലാസം എന്ന കൃതിയിൽ പറയുന്നു. അങ്ങനെയുളള ഗുരുക്കന്മാർ അവതാര പുരുഷൻ, പ്രവാചകൻ, സിദ്ധൻ, ബുദ്ധൻ, ദൈവപുത്രൻ, ദൈവദൂതൻ എന്നൊക്കെ വിളിക്കപ്പെടും. ശ്രീനാരായണഗുരു ഈ ,വിശേഷണങ്ങളെല്ലാം ചേർന്നതാണ്.
ഗുരുവിന്റെ ആദ്യ ഫോട്ടോ വച്ചുളള പൂജ ആരംഭിച്ചത് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിലെ ഗുരുമന്ദിരത്തിൽ മഹാകവി കുമാരനാശാൻ സ്ഥാപിച്ച വിഗ്രഹത്തോടെയാണ്.
തുടർന്ന് ഗുരുദേവന്റെ ഷഷ്ഠിപൂർത്തി ആഘോഷ വേളയിൽ ഗുരുദേവന്റെ ചിത്രം പേട്ടയിൽ വച്ച് 41 ദിവസം സമാരാധന നടത്തി എഴുന്നളളിച്ച് വേദിയിലെത്തിച്ചു. ഗുരു സശരീരനായിരുന്ന കാലത്ത് ശിവഗിരിയിൽ ഗുരുവിന്റെ ചിത്രം വച്ചുളള ആരാധന നടത്തിയിരുന്നു. 1927 മാർച്ച് 13നാണ് തലശ്ശേരി ജഗന്നാഥക്ഷേത്രാങ്കണത്തിൽ ഗുരുവിന്റെ പ്രതിമ പ്രതിഷ്ഠിച്ചതെന്നും
സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഫോട്ടോ: ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടി ശിവഗിരിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു.