കേരളം വിശപ്പ് രഹിത സംസ്ഥാനമായത് അഭിമാനം: മന്ത്രി അനിൽ

Saturday 14 March 2026 1:05 AM IST

തിരുവനന്തപുരം: കേരളം വിശപ്പ് രഹിത സംസ്ഥാനമാണെന്നത് ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനമാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. 7 ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണ പൂർത്തീകരണ പ്രഖ്യാപനവും 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനവും അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

148 ആദിവാസി ഉന്നതികളിൽ സർക്കാറിന്റെ ചെലവിൽ നേരിട്ട് ഭക്ഷ്യധാന്യമെത്തിക്കുന്നു. അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും ഉൾപ്പെടെയുള്ള ക്ഷേമ സ്ഥാപനങ്ങളിൽ മുഴുവൻ ആളുകൾക്കും ആവശ്യമുള്ള ഭക്ഷ്യധാന്യമെത്തുന്നു . കിടപ്പ് രോഗികൾക്ക് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സഹായത്തോടെ ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിക്കുന്നു. സമൂഹത്തിന്റെ ഏറ്റവും പിന്നാമ്പുറങ്ങളിലുള്ളവരെപ്പോലും സർക്കാർ ചേർത്തുനിർത്തുകയാണ്. റേഷൻ കാർഡില്ലാത്ത ആരും ഇന്ന് കേരളത്തിലില്ല.കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 7,85,280 മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു. ഈ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യവും, ചികിത്സാ സഹായവും മാസം 1,000 രൂപ വീതം ലഭിക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി ഉൾപ്പെടെ ഉറപ്പാക്കപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു . 'വിഷൻ 2031' ഡോക്യുമെന്റും 'ഭക്ഷ്യ ഭദ്രതയിൽ നിന്ന് പോഷക ഭദ്രതയിലേക്ക്' എന്ന പുസ്തകവും വീഡിയോ റീലുകളും മന്ത്രി പ്രകാശനം ചെയ്തു. .