ഹോട്ടലുകൾ പെടാപ്പാടിൽ; വിഭവങ്ങൾ വെട്ടിക്കുറച്ചു  40% ഹോട്ടലുകൾ തുറക്കുന്നില്ല 

Saturday 14 March 2026 1:07 AM IST

തിരുവനന്തപുരം: പാചകവാതക ക്ഷാമം കാരണം സംസ്ഥാനത്തെ നാൽപത് ശതമാനത്തിലേറെ ഹോട്ടലുകൾക്ക് പൂട്ടു വീണു. വിറക് അടുപ്പും ഇലക്ട്രിക് സ്റ്റൗവും ഉപയോഗിച്ചാണ് മറ്റുള്ളവയുടെ പ്രവർത്തനം. ചൈനീസ് വിഭവങ്ങൾ ലഭിക്കുന്ന മിക്ക ഹോട്ടലും അടച്ചു.

പലതരം വിഭവങ്ങൾ പാചകം ചെയ്യേണ്ടിവരുന്ന ഊണ് കിട്ടില്ല.

പകരം ബിരിയാണിയാണ്. വെജിറ്റേറിയൻ ഹോട്ടലുകളിൽ ഊണിന് പകരം വെജ് ബിരിയാണിയായി.

പെറോട്ട ഒരുമിച്ച് തയ്യാറാക്കി ചൂടാറാകാത്ത പാത്രങ്ങളിൽ വച്ചായി വില്പന.ദോശ, അപ്പം തുടങ്ങിയവയും കിട്ടില്ല. കാരവട, ഉള്ളിവട, പഴംപൊരി തുടങ്ങിയവയ്ക്കു പകരം ഉഴുന്നുവട മാത്രമാണ് ചായയ്ക്കൊപ്പം ലഭിക്കുന്നത് . ചായ മതിയാക്കിയ ഹോട്ടലുകളുമുണ്ട്.

തിരുവനന്തപുരത്തെ വെജിറ്റേറിയൻ ഹോട്ടലായ ഉഡുപ്പിയും അരുണയുമൊക്കെ പാചകം വിറകടുപ്പിലാക്കി.

കോഴിക്കോട്ടെ പാരഗൺ ഹോട്ടൽ മെനു വെട്ടിച്ചുരുക്കിയെങ്കിലും ഡിമാൻഡ് കൂടുതലുള്ള വിഭവങ്ങൾ നൽകുന്നുണ്ട്.

റെയിൽവേ കാന്റീനുകളുടേയും കോഫി ഹൗസുകളുടെയും പ്രവർത്തനം താളം തെറ്റി. മിക്കവയും പ്രവർത്തനം നിറുത്തിവച്ചു.

തൊഴിലാളികളെ ബാധിക്കും

പ്രതിസന്ധി നീണ്ടു പോവുകയാണെങ്കിൽ ഹോട്ടൽ മേഖലയിലെ തൊഴിലാളികളെയും ബാധിക്കും. താത്കാലികമായി അടച്ച വലിയ റെസ്റ്റോറന്റുകൾ അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ ശമ്പളം നൽകി നിലനിറുത്തിയിരിക്കുകയാണ്. ഇടത്തരം ഹോട്ടലുകൾ ഭക്ഷണവും താമസസൗകര്യവും നൽകുന്നുണ്ടെങ്കിലും ശമ്പളം വെട്ടിക്കുറച്ചു.

പ്രതിസന്ധി തുടർന്നാൽ അവർ മറ്റ് തൊഴിൽ മേഖല തേടി പോകും. പശ്ചിമബംഗാളിലും അസമിലും നിന്നു വന്നവർ തിരഞ്ഞെടുപ്പ് അടുത്തതിനാൽ നാടുകളിലേക്ക് മടങ്ങും. പ്രതിസന്ധി മാറിയാലും എത്രപേർ തിരിച്ചെത്തുമെന്ന കാര്യത്തിൽ ഹോട്ടൽ ഉടമകൾക്ക് ആശങ്കയുണ്ട്.

''കൊവിഡ് സാഹചര്യത്തിൽ ഉണ്ടായതുപോലെയുള്ള പ്രതിസന്ധിയിലേക്കാണ് ഹോട്ടൽ മേഖല പോകുന്നതെന്ന് ആശങ്കയുണ്ട്. ''

-വിജയകുമാർ,

ജില്ലാ സെക്രട്ടറി, ഹോട്ടൽ

ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ