വാണിജ്യ സിലിണ്ടറുകൾ കിട്ടാനില്ല; കൊച്ചിയിൽ 70 ശതമാനം ഹോട്ടലുകളും പൂട്ടി
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷം. കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി. ഗ്യാസ് സിലിണ്ടർ സ്റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഇന്ന് രണ്ട് ഹോട്ടലുകൾ വിറകടുപ്പ് ഉപയോഗിച്ച് തുറക്കുമെന്നാണ് വിവരം. ഹോട്ടലുകൾ പൂർണമായും പൂട്ടുന്നതോടെ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും നേരിടാനാണ് സാദ്ധ്യത.
ചൈനീസ് വിഭവങ്ങൾ ലഭിക്കുന്ന മിക്ക ഹോട്ടലുകളും അടച്ചു. പലതരം വിഭവങ്ങൾ പാചകം ചെയ്യേണ്ടിവരുന്നതിനാൽ ഊണ് കിട്ടില്ല പകരം ബിരിയാണിയാണ്. വെജിറ്റേറിയൻ ഹോട്ടലുകളിൽ ഊണിന് പകരം ബിരിയാണിയായി.പെറോട്ട ഒരുമിച്ച് തയ്യാറാക്കി ചൂടാറാത്ത പാത്രങ്ങളിൽ വച്ചായി വില്പന. ദോശ, അപ്പം തുടങ്ങിയവയും കിട്ടില്ല. കാരവട, ഉള്ളിവട, പഴംപൊരി തുടങ്ങിയവയ്ക്കുപകരം ഉഴുന്നുവട മാത്രമാണ് ചായയ്ക്കൊപ്പം ലഭിക്കുന്നത്. ചായ മതിയാക്കിയ ഹോട്ടലുകളുമുണ്ട്.
തിരുവനന്തപുരത്തെ വെജിറ്റേറിയൻ ഹോട്ടലായ ഉഡുപ്പിയും അരുണയുമൊക്കെ പാചകം വിറകടുപ്പിലാക്കി. കോഴിക്കോട്ടെ പാരഗൺ ഹോട്ടൽ മെനു വെട്ടിച്ചുരുക്കിയെങ്കിലും ഡിമാൻഡ് കൂടുതലുള്ള വിഭവങ്ങൾ നൽകുന്നുണ്ട്. റെയിൽവേ കാന്റീനുകളുടെയും കോഫി ഹൗസുകളുടെയും പ്രവർത്തനം താളം തെറ്റി. മിക്കവയും പ്രവർത്തനം നിറുത്തിവച്ചു.
കൊച്ചി ഉദയംപേരൂരിലുള്ള പ്ലാന്റിൽ നിന്നാണ് സിലിണ്ടർ വിതരണം ചെയ്യുന്നത്. എന്നാൽ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഗാർഹിക സിലിണ്ടർ വിതരണം ചെയ്തിരുന്നുവെങ്കിലും അതും ഏറെക്കുറേ നിലച്ച സ്ഥിതിയാണ്. സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് വിവരം.