വാഹനത്തിനുള്ള വാതകം സിലിണ്ടറിൽ; കൊണ്ടോട്ടിയിൽ എൽപിജി കരിഞ്ചന്ത, ഇരട്ടി വില ഈടാക്കി പമ്പ് ഉടമകൾ
മലപ്പുറം: രാജ്യത്ത് പാചകവാതക ക്ഷാമ പ്രതിസന്ധി മുതലെടുത്ത് എൽ.പി.ജി കരിഞ്ചന്ത സജീവം. മലപ്പുറം കൊണ്ടോട്ടിയിലെ കൊട്ടുക്കരയിലെ എസ്സെ ഓട്ടോ എൽ.പി.ജി പമ്പിലാണ് വാഹനങ്ങൾക്ക് നിറയ്‌ക്കേണ്ട വാതകം ഗാർഹിക സിലിണ്ടറുകളിൽ നിറച്ചുനൽകി തട്ടിപ്പ് നടക്കുന്നത്. 2000 രൂപയാണ് സിലിണ്ടറുമായി എത്തുന്നവരിൽ നിന്ന് പമ്പ് അധികൃതർ ഈടാക്കുന്നത്.
വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ മാത്രം അനുമതിയുള്ള പമ്പിലാണ് നിയമവിരുദ്ധ പ്രവർത്തനം. 14.2 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികം തുകയാണ് പമ്പ് ഉടമകൾ ഈടാക്കിയത്. വിവരമറിഞ്ഞ് ഹോട്ടലുടമകളും സാധാരണക്കാരും അടക്കം നൂറുകണക്കിന് പേരാണ് സിലിണ്ടറുകളുമായി പമ്പിലേക്ക് ഇരച്ചെത്തുന്നത്.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സിലിണ്ടറുകളിൽ വാതകം നിറയ്ക്കുന്നത് വലിയ അപകടസാധ്യതയാണ് പ്രദേശത്ത് ഉയർത്തിയത്. വൻതോതിൽ വാതകം സിലിണ്ടറുകളിലേക്ക് മാറ്റുന്നത് അഗ്നിബാധയ്ക്കും സ്‌ഫോടനത്തിനും വരെ കാരണമായേക്കാം. എന്നിട്ടും ഒരു ജാഗ്രതയും പാലിക്കാതെയാണ് പമ്പ് ഉടമകൾ സിലിണ്ടറുകളിൽ വാതകം നിറച്ച് നൽകുന്നത്. അതും ഭീമമായ തുകയ്ക്ക്. പമ്പിന് മുന്നിൽ വലിയ തിരക്ക് അനുഭവപ്പെട്ടതോടെ പൊലീസ് പമ്പിലെത്തി വിതരണം നിർത്തിവയ്പ്പിച്ചു.
ലൈസൻസ് നിബന്ധനകൾ ലംഘിച്ച് സിലിണ്ടറുകളിൽ വാതകം വിതരണം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. ഇതോടെ സ്റ്റോക്ക് തീർന്നുവെന്ന് കാണിച്ച് പമ്പ് ഉടമകൾ പമ്പ് അടച്ചുപൂട്ടി. എങ്കിലും വാതകം ഗ്യാസ് സിലിണ്ടറുകളിൽ നിറയ്‌ക്കാനാകുമെന്ന പ്രതീക്ഷയിൽ രാവിലെ മുതൽ നിരവധി പേർ സിലിണ്ടറുകളുമായി തമ്പടിച്ചിട്ടുണ്ട്.