ഒറ്റട്വീറ്റിലൂടെ ജീവിതം മാറിമറിഞ്ഞു; കൈകളിലെത്തിയത് രണ്ടുകോടി രൂപ, ട്വിസ്റ്റ് വെളിപ്പെടുത്തി ഇന്ത്യൻ ദമ്പതികൾ

Saturday 14 March 2026 12:25 PM IST

സോഷ്യൽ മീഡിയയെ വെറും വിനോദത്തിനായുള്ള ഉപാധിയായി മാത്രം കാണുന്നവർക്ക് പ്രചോദനമാകുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. ഒരു പോസ്റ്റുകൊണ്ട് കോടികൾ സമ്പാദിക്കാമെന്നും അതിലൂടെ ജീവിതം തന്നെ മാറിമറിയുമെന്ന് തെളിയിച്ച ദമ്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. അപ്പ് ആൻഡ് റൺ എന്ന ഹൈഡ്രേഷൻ സപ്ലിമെന്റ് സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ ചാണക്യ ഷായും അദ്ദേഹത്തിന്റെ ഭാര്യയുമാണ് പുതിയ വിശേഷം പങ്കുവച്ചിരിക്കുന്നത്.

കാനഡയിൽ നിന്ന് ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ചാണക്യ ഷായും ഭാര്യയും ഒരിക്കലും വിചാരിച്ചിരുന്നില്ല തങ്ങളുടെ ബിസിനസ് ഐഡിയക്ക് ഇത്ര വലിയൊരു പിന്തുണ സോഷ്യൽ മീഡിയ വഴി ലഭിക്കുമെന്ന്. വെറുമൊരു പോസ്റ്റിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇൻവെസ്റ്റ്‌മെന്റാണ് ദമ്പതികളെ തേടിയെത്തിയത്. കമ്പനിയുടെ വളർച്ചയ്ക്കായി ഫണ്ട് കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് ചാണക്യ ഷാ എക്സിൽ തന്റെ ആവശ്യത്തെക്കുറിച്ച് ഒരു പോസ്റ്റ് പങ്കുവച്ചത്.

വെറും 80 ലക്ഷം രൂപയായിരുന്നു അവരുടെ ആദ്യത്തെ ലക്ഷ്യം. എന്നാൽ സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങളായിരുന്നു. ആ പോസ്റ്റ് കണ്ടിട്ട് നിരവധിയാളുകളാണ് പണം നിക്ഷേപിക്കാനായി മുന്നോട്ടുവന്നത്. തങ്ങളുടെ ഉൽപ്പന്നം ഉപയോഗിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കൾ തന്നെ കമ്പനിയുടെ നിക്ഷേപകരാകാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നാണ് ചാണക്യ ഷാ പറയുന്നത്.ഏകദേശം രണ്ടുകോടി രൂപയാണ് ദമ്പതികൾ ആകെ സമാഹരിച്ചത്. ഇതിൽ 90 ലക്ഷം രൂപയും ലഭിച്ചത് എക്സിലൂടെയായിരുന്നു. വെറുതെ പണം വാങ്ങുക മാത്രമല്ല, കമ്പനിയുടെ വളർച്ചയ്ക്ക് സഹായിക്കാൻ കഴിയുന്ന നിക്ഷേപകരെ മാത്രമാണ് കൂടെക്കൂട്ടിയതെന്നും അവർ പോസ്റ്റിൽ പറയുന്നു.

വ്യായാമം ചെയ്യുന്നവർക്കും കായിക താരങ്ങൾക്കും ആവശ്യമായ സീറോ ഷുഗർ ഹൈഡ്രേഷൻ ഡ്രിങ്കുകളുടെ അഭാവം ഇന്ത്യയിലുണ്ടെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു ബ്രാൻഡിലേക്ക് ചാണക്യ ഷായെ എത്തിച്ചത്. സോഷ്യൽ മീഡിയയുടെ കരുത്ത് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഏത് സ്വപ്നവും യാഥാർത്ഥ്യമാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.