കവിത മകളോട്
മകളേ, മടങ്ങുക അമ്മതൻ ഗർഭത്തിലേക്കിനി അവിടെ മാത്രമേ നീ സുഖം സുരക്ഷിതം പെറ്റ വയറിന്റെ നോവ് നീ
മടങ്ങുക, നിൻ ജന്മഗേഹത്തിലേക്കിനി. അറിവായ് നിനക്കെന്നും താരാട്ടി- ന്നീണമാകുമീ വിരൽത്തുമ്പ് കരയാതെ മനമൊന്ന് തളരാതെ എൻ മിഴി നീരല്പവും പകർന്നീടാതെ എൻ കരിവളക്കിലുക്കങ്ങൾ കേൾപ്പിക്കാതെ
എൻ അമ്മിഞ്ഞപ്പാലൂട്ടാതെ എൻ കിനാവുകൾ നിന്നിലൂടെ പകർത്താതെ എൻ മൊഴി കേൾക്കാതെ ഈ അമ്മയെക്കാണാതെ എങ്കിലും നിനക്കെന്നെ തൊട്ടു വളരാം!
അവിടെ നീ സുരക്ഷിതയല്ലോ എൻ മാനസപ്പൊയ്കയിൽ ഒരു താമര വലയം നൽകി ആകാശവീഥിയിൽ പറത്താം ആ വെൺനികുഞ്ജത്തിൽ മിഴി തുറക്കാതെ കാറിന്നിരമ്പം കേൾക്കാതെ കാറ്റിന്നൂയലാടാതെ നിനക്കു വളരാം, അവിടെ നീ സുരക്ഷിതയല്ലോ!
ഓമലേ നീ കാണാത്ത കാവലാൾ ഈ ഞാൻ കാട്ടിലും മേട്ടിലുമെത്ര കരാളർ പെയ്തിറങ്ങിലും നിനക്കു ചിരിക്കാം കാർത്തികപ്പൂവു പോൽ മുല്ലയും മുക്കുറ്റിയും പൂചൂടി നിൽക്കുന്ന ഓർമ്മകൾ ഇനി ഓർമ്മകളായി മാത്രം മനസിൽ തിരി തെറുത്തു കേടാതെ വയ്ക്കാം, ഇവിടെ അമ്മയ്ക്കു സുഖമല്ലോ!