@ നിയമസഭ തിരഞ്ഞെടുപ്പ് ആരാകണം സ്ഥാനാർത്ഥി വയനാട്ടിൽ 'പെരിയ' ചർച്ച

Sunday 15 March 2026 12:22 AM IST
നിയമസഭ തിരഞ്ഞെടുപ്പ്

കൽപ്പറ്റ: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നില്ലെങ്കിലും വയനാട് ജില്ലയിൽ സ്ഥാനാർത്ഥി ചർച്ചകൾക്ക് ചൂടേറി. എൽ.ഡി.എഫിൽ കൽപ്പറ്റ മണ്ഡലം ആർ.ജെ.ഡിക്കാണ്. എന്നാൽ സ്ഥാനാർത്ഥി ആരായിരിക്കണം എന്നതിനെ ചൊല്ലി തർക്കം ഉടലെട‌ുത്തിട്ടുണ്ട്. മാനന്തവാട‌ിയിൽ പട്ടികജാതി -വർഗ ക്ഷേമമന്ത്രി ഒ. ആർ. കേളു തന്നെ ജനവിധി തേടട്ടെ എന്നാണ് സി.പി.എം ജില്ലാ ,​സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായം. മാനന്തവാടി മണ്ഡലത്തിൽ യു.ഡി.എഫിലെ പി.കെ ജലക്ഷ്മിയെ ഏതാണ്ട് വെട്ടിയ നിലയിലാണ്. പകരം ബ്ളോക്ക് പഞ്ചായത്ത് മെമ്പറായ ഉഷാ വിജയൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ കേളു എന്നിവരുടെ പേരുകളാണ് ഉയർന്നിരിക്കുന്നത്. ഐ.സി ബാലകൃഷ്ണണനെ മാനന്തവാടിയിൽ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥിയായി സുമാരാമന്റെ പേരാണ് കേൾക്കുന്നത്.

കൽപ്പറ്റ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.എൽ.എ ടി.സിദ്ദീഖ് തുടരട്ടെ എന്നാണ് നേതൃത്വത്തിന്റെ തീരുമാനം. എൽ.ഡി.എഫിൽ ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറിന്റെ മകളെ മത്സരിപ്പിക്കാനുളള നീക്കം നടക്കുന്നുണ്ട്. എന്നാൽ മക്കൾ രാഷ്ട്രീയത്തോടുള്ള വിയോജിപ്പും ഉയർന്നിട്ടുണ്ട്. പി.കെ. അനിൽകുമാർ, ജുനൈദ് കൈപ്പാണി എന്നിവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി അദ്ധ്യക്ഷൻ പ്രശാന്ത് മലവയൽ മത്സരിക്കുമെന്നാണ് അറിയുന്നത്. പളളിയറ മുകുന്ദനെ സുൽത്താൻ ബത്തേരിയിലോ മാനന്തവാടിയിലോ പരിഗണിക്കാനും മതി.

സുൽത്താൻ ബത്തേരിയിൽ സിറ്റിംഗ് എം.എൽ.എ ഐ.സി.ബാലകൃഷ്ണന്റെ പേരിനാണ് മുൻതൂക്കം. ഐ.സി ബാലകൃഷ്ണനെതിരെ ഉയർന്ന ആരോപണങ്ങളൊന്നും യു.ഡി.എഫിന് ഏറെ സ്വാധീനമുളള മണ്ഡലത്തിൽ ഏശില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എൽ.ഡി.എഫ് രണ്ടാം തവണയും എം.എസ്. വിശ്വനാഥനെയാണ് ഇറക്കുന്നത്. എൻ.ഡി.എ കണ്ടെത്തിയത് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. എസ്. കവിതയെയും.