തുമ്മുന്നതിനിടയിൽ ശ്വാസകോശത്തിൽ ഭക്ഷണം കയറി; ബോധരഹിതനായി കാർത്തിക് സൂര്യ
ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതുമൂലം ആരോഗ്യം ഗുരുതരാവസ്ഥയിലായ അനുഭവം പങ്കുവച്ച് അവതാരകൻ കാർത്തിക് സൂര്യ. തുമ്മിയതിന്റെ ശക്തിയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറിയതിനെത്തുടർന്ന് ആരോഗ്യം വഷളാവുകയായിരുന്നു. തുമ്മിയതു മാത്രമെ ഓർമ്മയുള്ളെന്നും പിന്നീട് താൻ അബോധാവസ്ഥയിലായിരുന്നെന്നും കാർത്തിക് സൂര്യ പറയുന്നു.
'രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാനൊന്നു തുമ്മി. അപ്പോൾ ഭക്ഷണം എന്റെ വായിലുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് വർഷ എന്റെ മുതുകിൽ തടവി ഛർദിപ്പിക്കാൻ ശ്രമിക്കുന്നതാണ്'- കാർത്തിക് പറയുന്നു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ കാർത്തിക് മൂന്നുതവണ തുമ്മിയെന്നും വെള്ളം എടുത്തിട്ട് വന്നപ്പോഴേക്കും താഴെ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്നും ഭാര്യ പറയുന്നു. 'ഞാനാകെ പേടിച്ചുപോയി. വന്ന് പിടിച്ചപ്പോൾ എന്റെ ദേഹത്തേക്ക് കുഴഞ്ഞുവീണു. പിന്നെ അനക്കമൊന്നും ഉണ്ടായിരുന്നില്ല. ഉടനെ ഞാനവിടെയുണ്ടായിരുന്ന രണ്ട് ചേട്ടന്മാരെ വിളിച്ചുവരുത്തി. അവർ വന്നപ്പോഴും തളർന്ന അവസ്ഥയിലായിരുന്നു ചേട്ടൻ. കൈയൊക്കെ വിയർക്കുന്നുണ്ടായിരുന്നു. നെഞ്ചിൽ ഞെക്കിയപ്പോഴാണ് ഛർദിച്ചുതുടങ്ങിയത്. ഒരപാട് തവണ ഛർദിച്ചു. ബോധം ഇല്ലായിരുന്നു'- കാർത്തിക് സൂര്യയുടെ ഭാര്യ പറയുന്നു.
ഉടൻതന്നെ കാർത്തിക്കിനെ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കുടുങ്ങിയതിനെത്തുടർന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണം നിലച്ചതാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് മനസിലായി. ഛർദിൽ കടുത്തതിനെതുടർന്ന് തൊണ്ടപൊട്ടി ചോരവരെ വന്നുതുടങ്ങിയെന്ന് ഭീതിയോടെ കാർത്തിക് ഓർക്കുന്നു. ക്ഷീണം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് പറയുന്ന കാർത്തിക്, അത്തരമൊരവസ്ഥയിൽ ധൈര്യത്തോടെ പെരുമാറിയ ഭാര്യയെ അഭിനന്ദിക്കാനും മറക്കുന്നില്ല.