സൗദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 21000ത്തിലേറെ പേർ,​ നിയമ ലംഘകർ‌ക്കെതിരെ കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം

Saturday 14 March 2026 8:49 PM IST

റിയാദ് : സൗദിയിൽ താമസ- തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ നിയമ ലംഘനത്തിന് 8104 പേരെ നാടുകടത്തിയതായി മന്ത്രാലയം അറിയിച്ചു. സംയുക്ത പരിശോധനയിൽ 21,​320 പേർ സുരക്ഷാ സേനയുടെ പിടിയിലായിരുന്നു. ഇതിൽ താമസ നിയമം ലംഘിച്ച 15339 പേരും അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3687 പേരും തൊഴിൽ നിയമങ്ങൾ പാലിക്കാത്ത 2294 പേരും ഉൾപ്പെടുന്നു. പിടിയിലായവരിൽ കൂടുതലും ഏതോപ്യൻ,​ യമൻ പൗരരൻമാരാണ്. 14363 പേരെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങലിലേക്ക് കൈമാറിയിട്ടുണ്ട്.

നിലവിൽ 19565 പുരുഷൻമാരും 1608 സ്ത്രീകളും ഉൾപ്പെടെ 21573 വിദേശികളാണ് വിവിധ ശിക്ഷാനടപടികൾ വിധേയരായത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും അവർക്ക് താമസസൗകര്യമോ ജോലിയോ നൽകി സഹായിക്കുന്നവർക്കും എതിരെ കടുത്ത ശിക്ഷാ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.