3 പ്രധാന നഗരങ്ങളിലേക്ക് കൂടി  'കേരള സവാരി'

Sunday 15 March 2026 1:05 AM IST

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ടാക്സി പ്ലാറ്റ്‌ഫോമായ കേരള സവാരി മൂന്നു നഗരങ്ങളിലേക്കുകൂടി. തിരുവനന്തപുരത്ത് തുടക്കമിട്ട പദ്ധതി രണ്ടാം ഘട്ടത്തിൽ എറണാകുളം, കോഴിക്കോട്, തൃശൂർ നഗരങ്ങളിലാണ് വ്യാപിപ്പിക്കുന്നത്. മോട്ടോർ തൊഴിലാളികളുടെ ക്ഷേമവും പൊതുജനങ്ങൾക്ക്‌‌ സുരക്ഷിതയാത്രയും ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ ഇതിനോടകം ഡ്രൈവർമാർ 28 കോടിയിലേറെ വരുമാനം നേടിയതായാണ് കണക്കുകൾ.

ഇതിനകം 11.56 ലക്ഷത്തിലധികം ട്രിപ്പുകൾ പൂർത്തിയാക്കിയ കേരള സവാരിയിൽ, തിരക്കുള്ള സമയങ്ങളിൽ നിരക്ക് വർദ്ധിപ്പിക്കുന്ന 'സർജ് പ്രൈസിംഗ്' രീതി ഇല്ല. 28,000-ത്തിലധികം ഡ്രൈവർമാർ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്. 4.5 ലക്ഷത്തിലധികം പേർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയാത്ര ഉറപ്പാക്കാൻ പൊലീസിന്റെ 'പോൽ ആപ്പു'മായി കേരള സവാരിയെ ബന്ധിപ്പിച്ചിട്ടുണ്ട്.

 പുതിയ കരാറും സാങ്കേതിക പങ്കാളിയും

പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക പങ്കാളിയായി ബാംഗ്ലൂർ ആസ്ഥാനമായുള്ള 'മൂവിംഗ് ടെക് ഇനവേഷൻ പ്രൈവറ്റ് ലിമിറ്റഡിനെ' ഉൾപ്പെടുത്തി. ഇത് സംബന്ധിച്ച് ലേബർ കമ്മിഷണർ, ഐ.ടി.ഐ പാലക്കാട്, മൂവിംഗ് ടെക് എന്നിവർ ചേർന്ന് ത്രികക്ഷി കരാറിൽ ഒപ്പുവയ്ക്കാൻ ലേബർ കമ്മിഷണറെ സർക്കാർ ചുമതലപ്പെടുത്തി.

 ക്ഷേമനിധി ബോർഡ് ഇനി 'ക്ലൈന്റ്'

പദ്ധതിയിൽ നിർണായകമായ മറ്റൊരു മാറ്റം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിനെ 'ക്ലൈന്റ്' ആയി ഉൾപ്പെടുത്തിയതാണ്. ഇതോടെ തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ കൂടി പദ്ധതിയുടെ ഭാഗമാകും. ഐ.ടി.ഐ പാലക്കാടിനെ അക്കൗണ്ട് ഹോൾഡറായും നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവർമാരിൽ നിന്ന് ലഭിക്കുന്ന സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് സർക്കാർ, ഐ.ടി.ഐ, മൂവിംഗ് ടെക് എന്നിവർ 5:5:90 അനുപാതത്തിൽ വിഭജിക്കും.