എയ്ഡഡ് അദ്ധ്യാപകരുടെ ജോലി സംരക്ഷണം: സർക്കാർ തീരുമാനം ചരിത്രപരമെന്ന് കെ.എസ്.ടി.എ
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് ജോലി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം അങ്ങേയറ്റം അഭിനന്ദനാർഹമാണെന്ന് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം കൈക്കൊണ്ട ഈ തീരുമാനം പൊതുവിദ്യാഭ്യാസ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന 30,000 അദ്ധ്യാപകർക്ക് വലിയ ആശ്വാസമാകുമെന്ന് സംഘടന വിലയിരുത്തി.
പുതിയ തീരുമാനപ്രകാരം 2022 വരെ സർവീസിൽ പ്രവേശിച്ച എല്ലാ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കും തൊഴിൽ സംരക്ഷണം ലഭ്യമാകും. കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടിരുന്ന അദ്ധ്യാപകർക്ക് ഇതോടെ അതേ സ്കൂളുകളിൽ തന്നെ തുടരാനും പൂർണ ശമ്പളം കൈപ്പറ്റാനും സാധിക്കും. അദ്ധ്യാപക സമൂഹത്തിന് വലിയ ആത്മവിശ്വാസം പകരുന്ന നടപടിയാണിതെന്ന് കെ.എസ്.ടി.എ അഭിപ്രായപ്പെട്ടു.
കെ.എസ്.ടി.എ നിരന്തരമായി നടത്തിയ ഇടപെടലുകളും വിദ്യാഭ്യാസ മന്ത്രിയുടെ പിന്തുണയുമാണ് ഈ ചരിത്രപരമായ തീരുമാനത്തിന് പിന്നിലെന്ന് സംസ്ഥാന പ്രസിഡന്റ് എ.കെ. ബീനയും ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫിയും അറിയിച്ചു. തിങ്കളാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ നടക്കും.