മത്സരിക്കാനില്ല, എം.പിയാകാൻ തയ്യാർ: ഐ.എം.വിജയൻ

Sunday 15 March 2026 12:09 AM IST

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ദൂതൻ വീട്ടിൽ വന്നിരുന്നുവെന്ന് ഇന്ത്യൻ ഫുട്ബാളർ ഐ.എം.വിജയൻ പറഞ്ഞു. താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ പി.ടി.ഉഷയെ പോലെ രാജ്യസഭ എം.പിയാക്കിയാൽ സ്വീകരിക്കാൻ തയ്യാറാണ്. അത് ഏത് പാർട്ടി തന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നിർബന്ധിച്ചു. മറ്റ് പാർട്ടികളുടെ പ്രതിനിധികളും മത്സരത്തിന് നിർബന്ധിച്ചിരുന്നു. എല്ലാ പാർട്ടികളുമായും നല്ല ബന്ധമാണ്. അത് ഇല്ലാതാക്കാൻ താൽപര്യമില്ല.

കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പൊലീസിൽ ജോലി നൽകിയത്. പിന്നീട് കൊൽക്കത്ത ക്ലബ്ബിൽ പോയപ്പോൾ പൊലീസിൽ നിന്ന് രാജിവച്ചിരുന്നു. തിരിച്ചെത്തിയപ്പോൾ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ കണ്ടപ്പോൾ വീണ്ടും ജോലി തന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യം പറഞ്ഞപ്പോൾ പ്രമോഷനും തന്നു. ബി.ജെ.പി കേന്ദ്ര സർക്കാരാണ് പദ്മശ്രീ തന്നത്. അതിനാൽ ആരെയും പിണക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.