കേരളകൗമുദിയിലൂടെ 'ദാസനും വിജയനും" വീണ്ടും ഒന്നിച്ചു

Sunday 15 March 2026 12:00 AM IST

കേരള കൗമുദി റിപ്പോർട്ട് ചെയ്ത വാർത്ത

തിരുവനന്തപുരം: ദാസന്റെ ആ വിളി 'കേരളകൗമുദി"യിലൂടെ വിജയൻ കേട്ടു. ദുബായിലെ പ്രവാസ ജീവിതത്തിനിടെ ആത്മാർത്ഥ സുഹൃത്തുക്കളായിരുന്ന വിജയകുമാറും വിജയൻ പിള്ളയും വീണ്ടും കണ്ടുമുട്ടുകയാണ്. വിജയകുമാറിന്റെ മകൾ അതുല്യയുടെ വിവാഹത്തിന് വിജയൻ പിള്ളയെത്തും.

13 വർഷം മുമ്പ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ വിജയൻപിള്ളയെ മകളുടെ വിവാഹം ക്ഷണിക്കാൻ വിജയകുമാർ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച 'കേരളകൗമുദി" പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിച്ച വിജയൻപിള്ളയുടെ മകൻ ദീപു, വിജയകുമാറിന്റെ ഫോൺനമ്പർ ശേഖരിച്ച് പിതാവിന് കൈമാറി. ആത്മാർത്ഥ സുഹൃത്തിനെത്തേടി വീണ്ടും ആ ഫോൺ വിളിയെത്തി, 'ടാ ദാസാ... ഇത് വിജയനാടാ...""

20ന് മാവേലിക്കര ഓലകെട്ടിയമ്പലത്താണ് വിവാഹം. വിവാഹവിവരം അറിയിച്ചപ്പോൾ വിജയൻ പിള്ളയുടെ മനസുനിറ‌ഞ്ഞു. തിരുവല്ല വള്ളംകുളത്താണ് വിജയൻപിള്ളയും ഭാര്യ പുഷ്പയും താമസിക്കുന്നത്. മകൻ ദീപു കുടുംബസമേതം ബംഗളൂരുവിലാണ്. മകൾ ദീപ അമേരിക്കയിൽ.

വിജയകുമാറും കുടുംബവും എവിടെയായിരിക്കുമെന്ന് വീട്ടിൽ എപ്പോഴും സംസാരിക്കുമായിരുന്നെന്നും അതുല്യയുടെയും അഭിഷേകിന്റെയും വിവാഹം കഴിഞ്ഞിരിക്കുമെന്നാണ് കരുതിയതെന്നും വിജയൻപിള്ള പറഞ്ഞു. ''നിന്നെ വിളിക്കാതെ എങ്ങനെ കല്യാണം നടത്തും""- എന്നായിരുന്നു വിജയകുമാറിന്റെ മറുപടി.

വിജയകുമാർ 40 വർഷമായി കുടുംബസമേതം ദുബായിലാണ്. അവിടെ അയൽപ്പക്കക്കാരായിരുന്നു പിള്ളയും കുടുംബവും. ഒരു കുടുംബംപോലെ ജീവിച്ചവർ. ഫെഡറൽ ഫുഡ്സ് കമ്പനിയിലാണ് വിജയകുമാറിനു ജോലി. ദുബായിലെ വേയ്ഡ് ആഡംസ് നിർമ്മാണക്കമ്പനിയിലെ ഫോർമാനായിരുന്നു വിജയൻപിള്ള. വിവാഹദിവസം മകളെ അനുഗ്രഹിക്കാൻ വിജയൻപിള്ള ഉണ്ടാകണമെന്ന ആഗ്രഹത്തിൽ വിജയകുമാർ അന്വേഷണം തുടരുകയായിരുന്നു.

വിജയൻപിള്ളയെ ഇനിയൊരിക്കലും കണ്ടുമുട്ടാനാവില്ലെന്നായിരുന്നു കരുതിയത്. ആത്മസുഹൃത്തുക്കളെ ഒന്നിപ്പിച്ച കേരളകൗമുദിക്ക് നന്ദി.

- വിജയകുമാർ