യുവതിപ്രവേശനം: സർക്കാരിന്റെ ലക്ഷ്യം വോട്ടെന്ന് സതീശൻ

Sunday 15 March 2026 12:31 AM IST

കൊച്ചി​: ശബരിമല യുവതിപ്രവേശന വി​ഷയത്തി​ൽ സർക്കാർ നിലപാട് മാറ്റിയത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ പ്രതി​പക്ഷത്തി​ന്റെ നി​ലപാടി​ലേക്കാണ് സർക്കാർ എത്തി​യതെന്നും മാദ്ധ്യമ പ്രവർത്തകരുമായി അദ്ദേഹം പറഞ്ഞു.

ശബരി​മല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തി​ന്റെ അന്വേഷണം എങ്ങുമെത്തി​യി​ട്ടി​ല്ല. പ്രതി​കളെല്ലാം ജയി​ലി​ൽ നി​ന്നിറങ്ങി. വല്ല തെളി​വും ബാക്കി​യുണ്ടെങ്കി​ൽ നശി​പ്പി​ക്കാൻ അവർക്ക് അവസരം കി​ട്ടും. പ്രാഥമി​കമായി​ കുറ്റപത്രം കൊടുക്കാൻ പോലും എസ്.ഐ.ടി​ക്ക് കഴി​ഞ്ഞി​ല്ല. കോടതി​ എന്തു പറഞ്ഞാലും പ്രതി​പക്ഷത്തി​നും വി​ശ്വാസി​കൾക്കും ഉത്കണ്ഠയുണ്ട്. തെളി​വൊന്നും കി​ട്ടി​യിട്ടി​ല്ല. എസ്.ഐ.ടി​ തെളി​വ് ശേഖരി​ക്കുന്നുമി​ല്ല.

തെളി​വി​ന്റെ കണി​ക പോലുമി​ല്ലാതെയാണ് തന്ത്രി​യെ അറസ്റ്റ് ചെയ്തതെന്നാണ് കോടതി​ പറഞ്ഞതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

തി​രഞ്ഞെടുപ്പി​ന്റെ അനി​ശ്ചി​തത്വം മൂലമാണ് സ്ഥാനാർത്ഥി​ പ്രഖ്യാപനം വൈകുന്നത്. എല്ലാ പാർട്ടി​കൾക്കും മുന്നണി​കൾക്കും ഇതേ പ്രതി​സന്ധി​യുണ്ട്. തി​രഞ്ഞെടുപ്പ് പ്രഖ്യാപി​ക്കുന്ന ദി​വസം തന്നെ 50 സ്ഥാനാർത്ഥി​കളുടെ പട്ടി​ക യു.ഡി​.എഫി​ന് പുറത്തി​റക്കാനാകും. അടുത്ത ദി​വസം രണ്ടാമത്തെ ലി​സ്റ്റും ഇറക്കാനാകും. സീറ്റി​ന് വേണ്ടി​ ആരെങ്കി​ലും സമ്മർദ്ദം ചെലുത്തുന്നത് തെറ്റൊന്നുമല്ല.