മമ്മൂട്ടിയുടെ വരെ പ്രശംസനേടി 'സൂയി' ബ്രാൻഡ്; കെെത്തറിയിൽ വിപ്ലവം കുറിച്ച് രണ്ട് യുവതികൾ

Saturday 14 March 2026 11:32 PM IST

കണ്ണൂരിന്റെ സ്വന്തം കഥപറയുന്ന കെെത്തറി വസ്ത്രങ്ങളുമായി ഫാഷൻ ലോകത്ത് മിന്നിത്തിളങ്ങുന്ന രണ്ട് യുവതികളാണ് ഹിബ മറിയംമൊയ്ദീയും കൃഷ്ണ കരപ്പാത്തും. കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒന്നിച്ചുപഠിച്ച സുഹൃത്തുക്കൾക്കിടയിൽ ഉദിച്ച ആശയമാണ് ഈ സ്വന്തം സംരംഭം. സംരംഭത്തിലൂടെ തങ്ങളുടെ നാടായ കണ്ണൂരിലെ കെെത്തറി തൊഴിലാളികൾക്ക് ഒരു സഹായവും. അതായിരുന്നു പ്രധാന ലക്ഷ്യം. മഹാനടൻ മമ്മൂട്ടി അടക്കം പ്രശംസിച്ച 'സൂയി' ബ്രാൻഡിന്റെ ഉടമകളായ യുവതികൾ കേരള കൗമുദി ഓൺലെെനിനോട് തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

പ്രോജക്ട് പിന്നെ സംരംഭമായി

കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിക്കുമ്പോൾ നാലാം വർഷം കേന്ദ്ര സർക്കാരിന്റെ ഒരു പ്രോജക്ടിനെക്കുറിച്ച് അറിയുന്നത്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് തരുന്ന ഒരു പ്രോജക്ട് ഉണ്ടെന്ന് അഭിലാഷ് സാറാണ് ആദ്യം പറയുന്നത്. അപ്പോൾ തന്നെ അതിന് അപേക്ഷ അയയ്ക്കുകയും ഞങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.

അതിന് വേണ്ടി കണ്ണൂർ കെെത്തറിയിലും പയ്യന്നൂർ ബെൽമെറ്റലിലുമാണ് ഞങ്ങൾ പ്രോജക്ട് ചെയ്തത്. അതിന് മികച്ച പ്രോജക്ട് അവാർഡും ലഭിച്ചിരുന്നു. പിന്നാലെയാണ് സ്വന്തം സംരംഭം എന്ന ഐഡിയ വന്നത്. കോളേജിലെത്തി സംസാരിച്ചപ്പോൾ അഭിലാഷ് സാറും ഫുൾ സപ്പോർട്ട്. സംരംഭത്തിലൂടെ നാട്ടിലെ കെെത്തറി സംഘങ്ങളെ സഹായിക്കണമെന്ന് ഉണ്ടായിരുന്നു. അങ്ങനെ 2018ലാണ് 'സൂയി' എന്ന ബ്രാൻഡ് തുടങ്ങുന്നത്. കണ്ണൂരിലെ കെെത്തറി തൊഴിലാളികൾ വഴിയാണ് വസ്ത്രം ചെയ്യുന്നത്.

തുടക്കം ഓൺലെെനിലൂടെ

ആദ്യം ബിസിനസിനെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. തുടക്കത്തിൽ ഓൺലെെൻ ആയാണ് വസ്ത്രങ്ങൾ വിറ്റിരുന്നത്. ആദ്യമായി ഷോപ്പിട്ടത് കൊച്ചി ലുലുമാളിലായിരുന്നു. പിന്നെ ‌ഞങ്ങൾ എറണാകുളത്തേക്ക് താമസം മാറി. അതുവരെ കണ്ണൂരിൽ ആയിരുന്നു. പിന്നെയാണ് ഫോർട്ട് കൊച്ചിയിൽ ഷോപ്പ് ഇട്ടത്. അവിടെ എത്തുന്ന വിദേശികൾക്ക് ഇത്തരം കെെത്തറി വസ്ത്രങ്ങൾ വളരെ ഇഷ്ടമാണ്. അവിടെയാണ് കൂടുതൽ പേർ ശ്രദ്ധിക്കുന്നതെന്ന് തോന്നി. ഇപ്പോൾ ഫോർട്ട് കൊച്ചിയിൽ രണ്ട് ഷോപ്പ് ഞങ്ങൾക്കുണ്ട്.

ഇപ്പോഴും ഒരു വളർച്ചയുടെ സ്റ്റേജിലാണ് ഞങ്ങൾ നിൽക്കുന്നത്. യുവതീയുവാക്കൾക്ക് ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഷർട്ടുകളും മറ്റുമാണ് ഞങ്ങൾ കൂടുതലായി ചെയ്യുന്നത്. കുട്ടികൾക്കുള്ള വസ്ത്രങ്ങളും ഇപ്പോൾ ചെറുതായി ചെയ്ത് തുടങ്ങിയിട്ടുണ്ട്. മുൻപ് സാരികൾ ചെയ്യുമായിരുന്നു. അധികമായി സാരി ഇപ്പോൾ ചെയ്യുന്നില്ല.

ഡിസെെൻ മുഴുവൻ എറണാകുളത്താണ് നടക്കുന്നത്. പിന്നെ കണ്ണൂ‌ർ പോയി അവിടെ കെെത്തറി തൊഴിലാളികളോട് മോഡൽ,​ നിറം,​ തുണി എന്നിങ്ങനെ എല്ലാം പറഞ്ഞുകൊടുക്കും. അവർ അതനുസരിച്ച് തുണി നെയ്തെടുക്കും. ശേഷം അത് എറണാകുളത്ത് കൊണ്ടുവന്ന് സ്റ്റിച്ച് ചെയ്യും. എംബ്രോയ്ഡറി ഡിസൈനുകൾ കണ്ണൂരിലെ വീട്ടമ്മമാരാണ് ചെയ്യുന്നത്, അതിനുള്ള ട്രെയിനിംഗ് കൊടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് ഉള്ളിൽ നിന്നും പുറത്തുനിന്നും ഓർഡറുകൾ വരാറുണ്ട്. ഏകദേശം 2,000 രൂപ മുതൽ തുടങ്ങുന്ന വസ്ത്രങ്ങൾ ഉണ്ട്. ഉപഭോക്താക്കളുടെ അഭിപ്രായം അനുസരിച്ചും വസ്ത്രങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. യുകെ എന്നിവിടങ്ങളിൽ നിന്നും നിരവധി ഓർഡറുകൾ വരുന്നുണ്ട്.

സൂയി എന്ന പേര്

സൂയി എന്ന് പറഞ്ഞാൽ ഹിന്ദിയിൽ സൂചി എന്നാണ് അർത്ഥം. കണ്ണൂർ കെെത്തറിയെ പുതിയ തലമുറയുടെ ഭാവത്തിലേക്ക് മാറ്റുക എന്ന ഒരു അർത്ഥമാണ് ഈ ബ്രാൻഡിന് ഉള്ളത്. കെെത്തറിയിലെ പഴയ കാലഘട്ടവും ഫാഷന്റെ പുതിയ കാലഘട്ടവും ഒന്നിക്കുന്നതാണ് ഞങ്ങളുടെ ബ്രാൻഡ്. രണ്ട് കാലഘട്ടങ്ങളുടെയും ഇടയിലെ വിടവ് സൂചിവച്ച് തുന്നിചേർക്കുന്നുവെന്നതാണ് ഈ പേര് കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

മമ്മൂക്കയുടെ പ്രശംസ

കെെരളി ടിവി സംഘടിപ്പിച്ച് ജ്വാല അവാർഡ് 2026ലെ യുവ സംരംഭകർക്കുള്ള അവാർഡ് ഞങ്ങൾക്ക് ലഭിച്ചിരുന്നു. അത് സമ്മാനിച്ചത് മമ്മൂക്കയാണ്. മുൻപ് ഞങ്ങൾ മമ്മൂക്കയുടെ ഫോട്ടോഗ്രാഫർ വഴി ഒരു ഷർട്ട് കൊടുത്തിരുന്നു. സമ്മാനദാന ചടങ്ങിൽ മമ്മൂക്ക അത് ഓർത്ത് പറഞ്ഞു. ആ ചടങ്ങിലും ഞങ്ങൾ ഒരു ഷർട്ട് കൊടുത്തു. അടുത്ത പരിപാടിയിൽ ഇടുമെന്ന് ഞങ്ങളോട് പറ‌ഞ്ഞു. ആ ഷർട്ട് അടുത്ത പരിപാടിയിൽ ഇടുകയും ‌ഞങ്ങളുടെ ബ്രാൻഡിനെക്കുറിച്ച് വേദിയിൽ സംസാരിക്കുകയും ചെയ്തു. അതിന്റെ വീഡിയോകൾ വലിയ രീതിയിൽ വെെറലായി. ഇപ്പോൾ കേരളത്തിലെ മിക്ക ആളുകളും സൂയി എന്ന ബ്രാൻഡ് തിരിച്ചറിയാൻ തുടങ്ങി. അതിൽ സന്തോഷമുണ്ട്.