വാങ്‌ചുക്കിന്റെ തടവുശിക്ഷ റദ്ദാക്കി; മോചനം ഉടൻ

Sunday 15 March 2026 12:12 AM IST

ന്യൂഡൽഹി: ലഡാക്കിൽ 2025 സെപ്‌തംബറിലുണ്ടായ കലാപത്തിന് നേതൃത്വം നൽകിയതിന് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക് ആറ് മാസത്തിനുശേഷം ജയിൽ മോചിതനാകുന്നു. ലഡാക്കിൽ സമാധാനവും സ്ഥിരതയും പരസ്പര വിശ്വാസവും ഉറപ്പാക്കാൻ വാങ്‌ചുക്കിനെ മോചിപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാങ്‌ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി നൽകിയ ഹർജി സുപ്രീംകോടതി ഈ 17ന് പരിഗണിക്കാനിരിക്കെയാണ് നടപടി. എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമായാണ് വാങ്‌ചുക്കിന്റെ മോചനമെന്ന് സർക്കാർ വിശദീകരിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി ലഡാക്കിലെ വിവിധ നേതാക്കളുമായി ചർച്ചകൾ നടന്നുവരികയാണ്.

തുടർച്ചയായുണ്ടാകുന്ന പ്രതിഷേധങ്ങൾ ലഡാക്കിലെ സമാധനാന്തരീക്ഷത്തെയും വിവിധ മേഖലകളെയും ദോഷകരമായി ബാധിച്ചെന്ന് കേന്ദ്ര സർക്കാർ പറയുന്നു. വിദ്യാർത്ഥികൾ, ജോലി ആഗ്രഹിക്കുന്നവർ, ബിസിനസുകൾ, ടൂർ ഓപ്പറേറ്റർമാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെയാണ് കഴിഞ്ഞ സെപ്തംബറിൽ വാങ്‌ചുക്ക് അറസ്റ്റിലായത്. ദേശീയ സുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കുകയും പിന്നീട് രാജസ്ഥാനിലെ ജോധ്പുർ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

വാങ്‌ചുക്കിന്റെ മോചനം പ്രശംസനീയം. സംസ്ഥാന പദവി എന്ന ആവശ്യം അംഗീകരിക്കണം

മുഹമ്മദ് ഹനിഫ,

ലഡാക്ക് എം.പി