@ പാചക വാതക ക്ഷാമം ഹോട്ടലുകളിൽ 80% വിഭവം കട്ട് ! ഓൺലി മന്തി, ബിരിയാണി

Sunday 15 March 2026 12:27 AM IST
ക​ൽ​പ്പ​റ്റ​ ​അ​ഫാ​സ് ​ഹോ​ട്ട​ലി​ൽ​ ​പാ​ച​ക​വാ​ത​ക​ ​പ്ര​തി​സ​ന്ധി​യെ​ ​തു​ട​ർ​ന്ന് ​ഉ​ച്ച​യ്ക്ക് ​ഊ​ൺ​ ​ഉ​ണ്ടാ​കി​ല്ലെ​ന്ന​ ​നോ​ട്ടീസ് ​പ​തി​ക്കു​ന്ന​ ​ജീ​വ​ന​ക്കാ​ര​ൻ. ഫോട്ടോ :അ​ന​ന്തു​ ​ആ​രിഫ

  • ലെെവ് വിഭവങ്ങളില്ല, ചായ കട്ടനായി

കോഴിക്കോട്: പാചകവാതക ക്ഷാമം രൂക്ഷമായതോടെ 80 ശതമാനം വിഭവങ്ങൾ വെട്ടിക്കുറച്ച് ഹോട്ടലുകൾ. പല ഹോട്ടലുകളും പാചകം വിറകടുപ്പിലേക്ക് മാറി. വിറകടുപ്പ് ഉപയോഗിക്കുന്നതിൽ തൊഴിലാളികൾക്കുള്ള പരിചയ കുറവ് ചിലയിടങ്ങളിൽ വിനയായി. പ്രത്യേകിച്ചും അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന ഹോട്ടലുകളിൽ.

ജില്ലയിൽ പൂട്ടിയ ഹോട്ടലുകളുടെയും പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങളുടെയും എണ്ണം കൂടിവരികയാണ്. വിറകടുപ്പില്ലാത്ത ഹോട്ടലുകൾ അവ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. കാറ്ററിംഗ് മേഖലയിൽ വിറകടുപ്പ് അത്രകണ്ട് പ്രായോഗികമാകുന്നില്ലെന്നാണ് ആ മേഖലയിൽ ഉള്ളവർ പറയുന്നത്. ഹോട്ടലുകളിൽ മന്തി, ബിരിയാണി പോലുള്ളവ മാത്രമേ ലഭിക്കുന്നുള്ളൂ. വിറകടുപ്പ് ഉപയോഗിക്കുമ്പോൾ ചായയ് ക്ക് പുകമണമുണ്ടാകുന്നത് പ്രശ്നമാകുന്നതായി ചില ഹോട്ടലുടമകൾ പറയുന്നു. ഇവിടങ്ങളിൽ പകരം കട്ടൻചായയും ജ്യൂസുമാണ് കൊടുക്കുന്നത്. ചോറും ചില കറികളും മാത്രം വിറകടുപ്പിൽ തയ്യാറാക്കി പിടിച്ചുനിൽക്കാനാണ് പലരുടെയും ശ്രമം. ചപ്പാത്തി, പൊറോട്ട, ഇഡലി, ദോശ തുടങ്ങിയവ ഒന്നിച്ച് ഉണ്ടാക്കിവച്ചാണ് കൊടുക്കുന്നത്. നോമ്പുകാലമായതിനാൽ ഹോട്ടലുകൾ പൂട്ടിയതിന്റെ പ്രതിസന്ധി പൂർണമായും അറിഞ്ഞുതുടങ്ങിയിട്ടില്ല. നോമ്പുതുറ വിഭവങ്ങളുമായി സാധാരണ വെെകിട്ട് തുറക്കാറുള്ള ഹോട്ടലുകളിൽ പലതും അടഞ്ഞു. റംസാൻ കഴിഞ്ഞാലും തുറക്കാനാകുമോ എന്ന് ഉറപ്പില്ല. കുറ്റ്യാടി ഉൾപ്പെടെ പലയിടങ്ങളിലെയും പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങൾ പൂട്ടി.

  • മുഖ്യമന്ത്രിയെ കാണാൻ ഹോട്ടലുടമകൾ

സിലിണ്ടർ വിതരണത്തിൽ ആശുപത്രികൾക്ക് മുൻഗണന നൽകണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പ്രായോഗികമായില്ലെന്നാണ് വിവരം. ആശുപത്രി കാന്റീനുകളിൽ പലതും പൂട്ടി. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുമായി ചർച്ച നടത്താനൊരുങ്ങുകയാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റൊറന്റ് അസോസിയേഷൻ ഭാരവാഹികൾ. ബിസിനസിനപ്പുറം സ്ഥിരം കഴിക്കാനെത്തുന്നവരോട് ഒന്നുമില്ലെന്നു പറയാൻ പലർക്കുമാകുന്നില്ല. പലരും വിറകടുപ്പിലേക്ക് മാറിയതോടെ വിറകിന് ഡിമാന്റും വിലയും കൂടി.

ഇനിയെന്ത് വിഭവമുണ്ടാക്കി മുന്നോട്ടുപോകുമെന്ന ചിന്തയിലാണ് ഞങ്ങൾ. ഇന്ന് നല്ല തിരക്കുമുണ്ടാകും.

-രൂപേഷ്, ഹോട്ടൽ ആര്യഭവൻ

വിറകടുപ്പിലേക്ക് മാറി കുറച്ച് വിഭവങ്ങളെങ്കിലുമുണ്ടാക്കി പിടിച്ചുനിൽക്കാനാണ് ചെറുകിട ഹോട്ടലുകളുടെയടക്കം ശ്രമം.

-സന്തോഷ്കുമാർ യു.എസ്

ജില്ല പ്രസിഡന്റ്,

ഹോട്ടൽ ആന്റ് റസ്റ്റൊറന്റ് അസോ.