മീനമാസ പൂജയ്ക്ക് ശബരിമലനട തുറന്നു
Sunday 15 March 2026 12:45 AM IST
ശബരിമല: മീനമാസ പൂജകൾക്കായി ശബരിമലനട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ചു. മാളികപ്പുറം ക്ഷേത്രനട എം.ജി.മനുനമ്പൂതിരി തുറന്നു. ഇന്ന് പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. കിഴക്കേമണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം നടത്തും. തുടർന്ന് നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷ:പൂജ, കളഭാഭിഷേകം, ഉച്ചപൂജ, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ. മീനമാസപൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നടയടയ്ക്കും. പൈങ്കുനി ഉത്ര ഉത്സവത്തിനായി 22ന് നട തുറക്കും. 23നാണ് കൊടിയേറ്റ്. ഏപ്രിൽ ഒന്നിനാണ് ആറാട്ട്.