തൊടുപുഴയിൽ പോരാട്ടത്തിന് പി.ജെ.ജോസഫോ മകനോ
തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് തന്നെ തൊടുപുഴയിൽ മത്സരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ഇതുസംബന്ധിച്ച് പാർട്ടിയിൽ ഭിന്നതയുണ്ട്. യു.ഡി.എഫ് നേതൃത്വവും പി.ജെ. ജോസഫ് തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ജോസഫിന് അനാരോഗ്യമുണ്ടെന്നും മകനും പാർട്ടി സംസ്ഥാന കോർഡിനേറ്ററുമായ അപു ജോൺ ജോസഫിനെ നിറുത്തണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
അപു മത്സര സന്നദ്ധത ജോസഫിനെ അറിയിച്ചതായാണ് വിവരം. അന്തിമ തീരുമാനം പി.ജെ. ജോസഫിന്റേതാകും. ഇതുവരെ താൻ മത്സരിക്കുമെന്നോ മാറി നിൽക്കുമെന്നോ പി.ജെ. ജോസഫ് ഒരിടത്തും പറഞ്ഞിട്ടില്ല. ജോസഫ് എന്തു തീരുമാനമെടുത്താലും ഒൽപ്പം നിൽക്കുമെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും അപു സ്ഥാനാർത്ഥിയാകുന്നതിൽ ചില നേതാക്കൾക്ക് ശക്തമായ എതിർപ്പുണ്ട്. മുമ്പ് അപുവിനെ കേരളകോൺഗ്രസ് സംസ്ഥാന കോ- ഓർഡിനേറ്ററാക്കിയപ്പോൾ തന്നെ ചില നേതാക്കൾ പാർട്ടി വിട്ടിരുന്നു.
യു.ഡി.എഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് തൊടുപുഴ. ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ കൈവശമുള്ള ഏക സീറ്റാണ്. 85കാരനായ പി.ജെ. ജോസഫ് 1970 മുതൽ തൊടുപുഴയിൽ 11 വട്ടം മത്സരിച്ചപ്പോൾ ഒന്നൊഴികെ എല്ലാ തവണയും വിജയിച്ചു. 2001ൽ ജോസഫ് ഇടതുപക്ഷത്തായിരിക്കെ പി.ടി. തോമസിനോടാണ് പരാജയപ്പെട്ടത്. ജില്ലയിൽ തൊടുപുഴയിൽ മാത്രം എൽ.ഡി.എഫും സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന സീറ്റിൽ പ്രാദേശിക നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, റെജി കുന്നംകോട്ട് എന്നിവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നത്.