എൻ.എസ്.എസിൽ നിന്ന് മാറ്റിയാൽ ഒന്നുമില്ല: ഗണേശ്

Sunday 15 March 2026 12:50 AM IST

കൊല്ലം: എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത് തനിക്ക് പ്രധാനപ്പെട്ട കാര്യമല്ലെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ.

മാദ്ധ്യമങ്ങളോട് പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് താൻ. ഈ സ്ഥാനം കൊണ്ട് വല്ല പ്രയോജനവുമുണ്ടോ? കഴിഞ്ഞയാഴ്ച ജി.സുകുമാരൻ നായരെ കണ്ട് താൻ രാജിക്കത്ത് കൊടുക്കാമെന്ന് പറഞ്ഞതാണ്, അത് വാങ്ങാതെ എന്തിനിത് ചെയ്തെന്ന് അദ്ദേഹമാണ് മറുപടി പറയേണ്ടത്.നായർ സമുദായത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറിയാലൊന്നും ജനങ്ങൾ കൈവിടില്ല. തനിക്ക് വോട്ട് ചെയ്യുന്നതിൽ എല്ലാ മതക്കാരുമുണ്ട്. താൻ മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവർത്തകനാണ്. എല്ലാ സമുദായക്കാരും ഒരു പോലെയാണ്.. താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടിട്ട് തിരഞ്ഞെടുത്തതാണ്. വളഞ്ഞ വഴിയിൽക്കൂടി വന്നതല്ല. അച്ഛനെടുത്തിരുന്ന ചുമതല പത്തനാപുരത്തെ നായർ സമുദായം വോട്ടിട്ട് തന്നെ ഏൽപ്പിച്ചതാണ്, അല്ലാതെ ഓടിളക്കി വന്നയാളുമല്ല.

താനിരിക്കുന്ന കമ്മിറ്റിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ജനറൽ സെക്രട്ടറിക്ക് തോന്നിക്കാണും. എന്നാൽ രാത്രിയിൽ പിരിച്ചുവിട്ടതെന്തിനെന്ന് മനസിലാകുന്നില്ല.

ആർ.ബാലകൃഷ്ണ പിള്ള സ്വന്തം സ്വത്തെടുത്താണ് യൂണിയനെ പടുത്തുയർത്തിയത്. മക്കൾക്ക് കൊടുക്കേണ്ട പണം എൻ.എസ്.എസിന് വേണ്ടി അദ്ദേഹം കൊടുത്തതാണ്. ഒരു രൂപ പോലും പിരിച്ചിട്ടില്ല. 64 വർഷം ആർ.ബാലകൃഷ്ണ പിള്ള യൂണിയൻ പ്രസിഡന്റായിരുന്നു. പുനലൂരിൽ ചെറിയ കടയിൽ തറയിൽ പായ വിരിച്ചായിരുന്നു ആദ്യം കമ്മിറ്റി കൂടിയിരുന്നതെങ്കിൽ ഇന്ന് യൂണിയന് 300 കോടി രൂപയുടെ ആസ്തിയുണ്ട്. അച്ഛന്റെ ഉപകാരം പറ്റിയവരാണ് മാറിനിൽക്കുന്നത്. ഒരു ദിവസം രാവിലെ മാറ്റുമ്പോൾ അതിലെന്തെങ്കിലും ജനാധിപത്യ ധ്വംസനമുണ്ടോയെന്ന കാര്യം മറ്റുള്ളവർ പരിശോധിക്കേണ്ടതാണ്.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ജീവിച്ചിരിക്കുന്ന കാലമത്രയും അദ്ദേഹത്തിന്റെ കൂടെ നിൽക്കണമെന്ന് അച്ഛൻ ഉപദേശിച്ചിട്ടുണ്ട്. അദ്ദേഹത്തെ എതിർക്കരുതെന്നും പറഞ്ഞിട്ടുണ്ട്. അച്ഛന് കൊടുത്ത വാക്ക് പാലിക്കും. താൻ കലാകാരനെന്ന നിലയിലോ രാഷ്ട്രീയക്കാരനെന്ന നിലയിലോ നായരുടെ ആളല്ല, പൊതുസ്വത്താണ്. കോടിക്കണക്കിന് രൂപ കണ്ടു വളർന്നവനാണ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എ.സി കാറോടിച്ച് നടന്നവനാണ് . ബെൻസ് കാറിൽ പോയാണ് സിനിമകളിൽ അഭിനയിച്ചത്. പത്മാ കഫേയിൽ അഴിമതിയില്ല. താൻ അഴിമതിക്കാരനല്ലെന്ന് മുഖ്യമന്ത്രിക്കറിയാമെന്നും .ഗണേശ് കുമാർ പറഞ്ഞു.