കരുനാഗപ്പള്ളിയെ വിറപ്പിച്ച് വീണ്ടും ഗ്യാങ് വാർ

Sunday 15 March 2026 12:51 AM IST

കരുനാഗപ്പള്ളി: ക്വട്ടേഷൻ ഗ്യാങ്ങുകൾ തമ്മിലുള്ള കുടിപ്പകയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞപ്പോൾ ഞെട്ടിവിറച്ച് കരുനാഗപ്പള്ളി. ഒരുവർഷത്തിനിടയിൽ രണ്ട് ഗുണ്ടാനേതാക്കളാണ് കരുനാഗപ്പള്ളിയിൽ കൊല്ലപ്പെട്ടത്. വീണ്ടും ആക്രമണങ്ങൾ ഉണ്ടാകുമോയെന്ന ഭീതിയിലാണ് കരുനാഗപ്പള്ളിക്കാർ.

വലുതും ചെറുതുമായ നിരവധി ഗുണ്ടാ സംഘങ്ങൾ കരുനാഗപ്പള്ളിയിൽ സജീവമാണ്. ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണ ഈ സംഘങ്ങൾക്കുണ്ട്. ഭീഷണിപ്പെടുത്തൽ, അടിപിടി തുടങ്ങിയ പരാതികൾ ഇവർക്കെതിരെ ഉണ്ടാകുമ്പോൾ ചില നേതാക്കൾ ഇടപെട്ട് കേസെടുക്കുന്നതിൽ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചുവരികയാണെന്നും ആരോപണമുണ്ട്.

ദുരെ സ്ഥലങ്ങളിൽ നിന്നും ഇവരുടെ സുഹൃത്തുക്കളായ കൊടും ക്രിമിനലുകളും കരുനാഗപ്പള്ളിയിലേക്ക് ഇടയ്ക്കിടെ എത്തുന്നു. മാസങ്ങൾ മുമ്പ് കരുനാഗപ്പള്ളിയിലെ ബാർ ഹോട്ടലിൽ വച്ച് ഗുണ്ടാനേതാവിന്റെ പിറന്നാൾ വാൾ ഉപയോഗിച്ച് കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ഇടയ്ക്കിടെയാണ് ക്വട്ടേഷൻ ആക്രമണങ്ങൾ ഏറ്റെടുക്കുന്നത്. യുവാക്കൾ തമ്മിലുള്ള അടിപിടി, സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങൾ, വസ്തു തർക്കങ്ങൾ തുടങ്ങിയവയിലൊക്കെ ഗുണ്ടാസംഘങ്ങൾ മദ്ധ്യസ്ഥരാവുകയാണ്.

ലഹരി ഉപയാേഗം വ്യാപകമായതോടെയാണ് ഗുണ്ടാ സംഘങ്ങളും തലപൊക്കിത്തുടങ്ങിയത്. കരുനാഗപ്പള്ളി നഗരത്തിന്റെ മൂന്ന് വശങ്ങളിലും വ്യാപിച്ചുകിടക്കുന്ന കായൽ തീരം ലഹരി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളാണ്. ലഹരിപദാർത്ഥങ്ങൾ വാങ്ങാൻ ഗുണ്ടാസംഘങ്ങൾ ക്വട്ടേഷൻ ആക്രമണങ്ങളും ഏറ്റെടുക്കുന്നു. ഇതിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് ലഹരിവസ്തുക്കൾ വാങ്ങും. നഗരത്തിലെ ലഹരിവ്യാപാരത്തിന്റെ നിയന്ത്രണവും ഗുണ്ടാസംഘങ്ങൾ ഏറ്റെടുത്തു. ലഹരിക്കെതിരെ ശബ്ദിക്കുന്നവരെ ഗുണ്ടാസംഘങ്ങൾ ഭീഷണിപ്പെടുത്തി നിശബ്ദമാക്കുന്നു. ഉത്സവാഘോഷങ്ങൾ ഇവർ കുടിപ്പക തീർക്കാനുള്ള അവസരമാക്കുന്നു. ഇത്തരം സംഘങ്ങളുടെ നീക്കങ്ങൾ മനസിലാക്കി അക്രമസംഭവങ്ങൾ തടയുന്നതിൽ പൊലീസ് നിരന്തരം പരാജയപ്പെടുകാണ്.

അണയാത്ത കുടിപ്പക

നേരത്തെ കൊല്ലപ്പെട്ട ജിം സന്തോഷും ക്രൂരമായി ആക്രമിക്കപ്പെട്ട അനീറും സംഭവത്തിലെ പ്രതികളായ അലുവ സന്തോഷ് അടക്കമുള്ള ആറുപേരും ഒരു സംഘമായാണ് പ്രവർത്തിച്ചിരുന്നത്. ഇവർ പിന്നീട് തെറ്റിപ്പിരിഞ്ഞു. അതിന് പിന്നാലെ ഇവർ പരസ്പരം പലപ്പോഴും ഏറ്റുമുട്ടി കുടിപ്പക രൂപപ്പെട്ടു. ഇതിന്റെ തുടർച്ചയായി കരുനാഗപ്പള്ളിയിൽ വച്ച് വവ്വാക്കാവ് സ്വദേശിയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ റിമാൻഡിലായ സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊല്ലപ്പെട്ടത്. സമാനമായ തരത്തിലാണ് ഇന്നലെ അലുവ സന്തോഷിന്റെയും കൊലപാതകം.

അനീറിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാൻ ഗുണ്ടാസംഘം അലുവ അതുൽ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അലുവ അതുൽ ജയിൽ മോചിതനായതിന് പിന്നാലെ തന്നെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നിരിക്കാം. ഇന്നലെ അലുവ അതുൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഒപ്പിടാൻ എത്തുമെന്ന കാര്യം മുൻകൂട്ടി മണത്തറിഞ്ഞാണ് ഗുണ്ടാസംഘം പിന്തുടർന്ന് കൃത്യം നടപ്പാക്കിയത്.