വൈഭവിന്റെ ചികിത്സയ്ക്ക് സഹായം തേടുന്നു; കൈകോർത്ത് നാട്

Sunday 15 March 2026 1:15 AM IST
വൈഭവിന്റെ ചികിത്സയ്ക്കായി ഓച്ചിറ ടൗൺ ജുമാ മസ്ജിദിന് മുന്നിൽ ബക്കറ്റ് കളക്ഷനുമായി സി.ആർ. മഹേഷ് എം.എൽ.എ എത്തിയപ്പോൾ

ഓച്ചിറ: ഹൃദയവാൽവിലെ തകരാറും സംസാര-കേൾവി വൈകല്യങ്ങളും നേരിടുന്ന അഞ്ചര വയസുകാരൻ വൈഭവിന്റെ ചികിത്സയ്ക്കായി നാട് ഒന്നിക്കുന്നു. ഓച്ചിറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പെട്രോൾ പമ്പ് ജീവനക്കാരിയായ വിനീഷയുടെ മകനാണ് വൈഭവ്.

ചികിത്സയ്ക്കായി ആവശ്യമായ 20 ലക്ഷം രൂപ സമാഹരിക്കുന്നതിനായി സി.ആർ.മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചു. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത നിർദ്ധന കുടുംബത്തെ സഹായിക്കാൻ സി.ആർ.മഹേഷ് ചെയർമാനായും നൂഹ് മൗലവി വർക്കിംഗ് ചെയർമാനായും വാർഡ് മെമ്പർ രാജുമോൻ കൺവീനറുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തിച്ചുവരികയാണ്.

ഓച്ചിറ ടൗൺ പള്ളിക്ക് മുന്നിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ധനസമാഹരണ ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം നജീം മണ്ണേൽ, മെഹർഖാൻ ചേന്നല്ലൂർ, അയ്യണിക്കൽ മജീദ്, അൻസാർ എ. മലബാർ, അഡ്വ. റഷീദ് കോയിക്കൽ തുടങ്ങിയവർ പങ്കെടുത്തു. സഹായങ്ങൾക്ക് ഫെഡറൽ ബാങ്ക് ഓച്ചിറ ശാഖയിൽ യു.വിനീഷയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചു: നമ്പർ: 17320100100083. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001732.