പാലക്കാട് തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ഗുരുതരപരിക്ക്; കാലിന്റെ പിൻഭാഗത്തെ മാംസം കടിച്ചെടുത്തു
പാലക്കാട്: തെരുവുനായ ആക്രമണത്തിൽ വയോധികയ്‌ക്ക് ഗുരുതരപരിക്ക്. പാലക്കാട് തൃത്താല ഒദളൂരിൽ 73കാരിയായ ഭാർഗവിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വീടിന്റെ മുറ്റത്തുനിൽക്കുകയായിരുന്ന ഭാർഗവിയുടെ പിൻകാലിലെ മാംസം തെരുവുനായ കടിച്ചെടുത്തു. തലയ്‌ക്കും കൈവിരലിനും പരിക്കുണ്ട്. നിലവിളികേട്ട് വീട്ടിനകത്തുണ്ടായിരുന്നവർ എത്തിയതോടെ തെരുവുനായ ഓടിപ്പോയി. വയോധികയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രണ്ടു ദിവസം മുൻപ് തൃശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ കാർത്യായിനി(73) തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. രണ്ട് വർഷം മുമ്പ് വീണ് എല്ല് പൊട്ടിയതിനെ തുടർന്നാണ് കാർത്ത്യായനി കിടപ്പിലായത്.ഇരുവർക്കും ഭക്ഷണവുമായി കാർത്ത്യായിനിയുടെ ഇളയമകൻ മണികണ്ഠൻ എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയിൽ കാർത്ത്യായനിയുടെ മൃതദേഹം കണ്ടത്. മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വയോധികയുടെ മരണം സംഭവിച്ചിരുന്നു. ചാരിയിരുന്ന വാതിലിനിടയിലൂടെയാണ് നായ വീടിനുള്ളിലേക്ക് കയറിയത്.