യുദ്ധസജ്ജരായി മുന്നണികൾ

Monday 16 March 2026 2:16 AM IST

സീറ്റുകളിലും സ്ഥാനാർത്ഥികളിലും ധാരണയായി

കൊച്ചി: എറണാകുളം ജില്ലയിൽ മുന്നണികളും രാഷ്ട്രീയ പാർട്ടികളും യുദ്ധസജ്ജരായി. ബഹുഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർത്ഥികൾ സംബന്ധിച്ചും ധാരണയായി. ഏതാനും ദിവസങ്ങൾക്കകം മുഴുവൻ സ്ഥാനാർത്ഥികളും കളത്തിലിറങ്ങും. പതിവിലേറെ വീറും വാശിയുമേറിയ ത്രികോണ പോരാട്ടത്തിന് ജില്ല സാക്ഷ്യം വഹിക്കും.

ശക്തി കൂട്ടാൻ യു.ഡി.എഫ്

ശക്തികേന്ദ്രം നിലനിറുത്തുകയെന്ന ദൗത്യമാണ് യു.ഡി.എഫിന് ഇക്കുറിയും വെല്ലുവിളി. പിണറായി വിജയൻ സർക്കാരിനെതിരായ ജനവികാരവും യു.ഡി.എഫിലെ ഐക്യവും മികച്ച വിജയം നൽകുമെന്ന ഉറപ്പിലാണ് കോൺഗ്രസ് നേതൃത്വം. പിണറായി വിജയൻ സർക്കാരിന്റെ മൂന്നാംവരവ് ഒഴിവാക്കുകയാണ് യു.ഡി.എഫിന്റെ വെല്ലുവിളി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച പുതുയുഗ യാത്രയ്‌ക്ക് ജില്ലയിൽ ലഭിച്ച സ്വീകരണവും യു.ഡി.എഫിന് ജില്ലയിലുള്ള ആധിപത്യവുമാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന്റെ കരുത്ത്.

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കുന്നതിലെ അനിശ്ചിതത്വമൊഴികെ കാര്യമായ പ്രശ്നങ്ങളൊന്നും യു.ഡി.എഫിലില്ല. മത്സരരംഗത്തുനിന്ന് പിന്മാറിയ കെ.ബാബുവിന് പകരം തൃപ്പൂണിത്തുറയിൽ ആരെന്ന് വ്യക്തമായിട്ടില്ല. രാജു പി.നായർ, രമേശ് പിഷാരടി എന്നിവരിൽ തുടങ്ങിയ ചർച്ച കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയ്, മുൻ കൗൺസിലർ തമ്പി സുബ്രഹ്മണ്യം എന്നിവരിലേയ്‌ക്ക് നീണ്ടിട്ടുണ്ട്. മണ്ഡലത്തിലെ ഈഴവ വോട്ടും കെ.ബാബുവിന്റെ താത്പര്യവും പരിഗണിച്ചാകും തീരുമാനം.

തന്ത്രപൂർവം എൽ.ഡി.എഫ്

കൂടുതൽ വിജയമെന്ന ലക്ഷ്യത്തിലാണ് എൽ.ഡി.എഫ് തന്ത്രങ്ങളും ആസൂത്രണവും. പിണറായി വിജയൻ സർക്കാരിന്റെ 10 വർഷ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാകും മുഖ്യപ്രചാരണം. മൂന്നാം ഭരണം ജില്ലയുടെ വളർച്ചയ്‌ക്ക് അനിവാര്യമെന്ന് ആയുധമാക്കും. പെൻഷൻ ഉൾപ്പെടെ ക്ഷേമ പദ്ധതികൾ വോട്ടാക്കുമെന്നാണ് എൽ.ഡി.എഫ് വൃത്തങ്ങൾ നൽകുന്ന സൂചന.

വൈപ്പിനിൽ നിന്ന് കെ.എൻ.ഉണ്ണിക്കൃഷ്‌ണനെ തൃപ്പൂണിത്തുറയിലേയ്ക്ക് മാറ്റിയതാണ് സി.പി.എമ്മിന്റെ നിർണായക തീരുമാനം. ഈഴവവോട്ട് സമാഹരിക്കാനും ലക്ഷ്യമിട്ടാണ് വ്യക്തിബന്ധങ്ങളുള്ള ഉണ്ണിക്കൃഷ്‌ണനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായ എം.ബി.ഷൈനിയാണ് വൈപ്പിനിൽ സ്ഥാനാർത്ഥി.

തൃക്കാക്കരയിൽ പാർട്ടി ചിഹ്നത്തിൽ സി.പി.എം മത്സരിക്കുന്നതാണ് മറ്റൊരു പ്രധാനനീക്കം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ അഡ്വ.പുഷ്‌പദാസ് സ്ഥാനാർത്ഥിയാകും. സ്വതന്ത്രരെ മത്സരിപ്പിക്കുന്ന രീതിയാണ് ഉപേക്ഷിച്ചത്. സിറ്റിംഗ് എം.എൽ.എ ഉമ തോമസാകും യു.ഡി.എഫ് സ്ഥാനാർത്ഥി.

സി.പി.എം ഏറ്റെടുത്ത അങ്കമാലിയിൽ പെരുമ്പാവൂർ മുൻ എം.എൽ.എ സാജുപോൾ മത്സരിക്കും. അങ്കമാലി വിട്ടുനൽകിയ എറണാകുളത്ത് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിനായി മുൻ കൊച്ചി ഡെപ്യൂട്ടി മേയർ സാബു ജോർജിനെ മത്സരിപ്പിക്കാനാണ് ആലോചന. ആലുവയിൽ മുൻ അരൂർ എം.എൽ.എ എം.എ ആരിഫാണ് സി.പി.എം സ്ഥാനാർത്ഥി.

നേട്ടം പ്രതീക്ഷിച്ച് എൻ.ഡി.എ

ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയും ശക്തമായ പോരാട്ടം ലക്ഷ്യമിടുന്നു. ട്വന്റി 20 പാർട്ടി ഘടകക്ഷിയായത് നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകൾ ഉൾപ്പെട്ട കുന്നത്തുനാട്, ബി.ജെ.പി നഗരസഭ ഭരിക്കുന്ന തൃപ്പൂണിത്തുറ എന്നിവയിലാണ് പ്രതീക്ഷ കൂടുതൽ. ജില്ലയിൽ വോട്ടുവിഹിതത്തിൽ സർവകാല റെക്കാർഡ് വർദ്ധനവ് ലക്ഷ്യമിടുന്ന പ്രചാരണമാണ് അണിയറയിൽ ഒരുങ്ങുന്നത്.