ഓയിൽ പാം 1,000 ടൺ നെല്ല് സംഭരിച്ചു
വടക്കഞ്ചേരി: പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം രണ്ടാം വിളക്കാലത്ത് മലയോര മേഖലയിൽ നിന്ന് ഏകദേശം 1,000 ടൺ നെല്ല് സംഭരിച്ചു. കൊയ്ത്ത് പൂർത്തിയാക്കിയ കർഷകരുടെ നെല്ല് ജനുവരിയിൽ തന്നെ സംഭരിച്ചതായാണ് വിവരം. ആലത്തൂർ, ഒറ്റപ്പാലം മാർക്കറ്റിംഗ് സൊസൈറ്റികളിലൂടെയാണ് ഓയിൽ പാമിനുവേണ്ടി നെല്ല് സംഭരിച്ചത്. സപ്ലൈകോ നൽകുന്നതുപോലെ കിലോഗ്രാമിന് 30.12 രൂപയാണ് ഓയിൽപാമും നൽകുന്നത്. കുറുവായ്, പല്ലാറോഡ് പാടശേഖരങ്ങളിൽ നിന്നുമാണ് നെല്ല് സംഭരിച്ചത്. എന്നാൽ ജനുവരിയിൽ സംഭരിച്ച നെല്ലിന് ഇതുവരെ പണം ലഭിച്ചിട്ടില്ലെന്ന് കർഷകർ പരാതിപ്പെട്ടു. കൊയ്ത്ത് നടന്ന സമയത്ത് കൃഷി ഓഫീസറുടെ സാന്നിദ്ധ്യത്തിലായിരുന്നു നെല്ലുസംഭരണം നടത്തിയതെന്നും കർഷകർ പറഞ്ഞു.
വെള്ളനെല്ല് സംഭരിക്കുന്നില്ല
അതേസമയം കണ്ണമ്പ്ര പഞ്ചായത്തിലെ കല്ലിങ്കൽപാടം പാടശേഖരസമിതിയിലെ കർഷകർ വെള്ളനെല്ല് സംഭരിക്കാത്തതിനെ തുടർന്ന് ദുരിതത്തിലാണ്. കൊയ്ത്ത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതിനാൽ വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന നെല്ല് മഴപെയ്താൽ നശിച്ചുപോകുമെന്ന ആശങ്കയിലാണ് കർഷകർ. സപ്ലൈകോ അധികൃതർ എത്തി സംഭരണ നടപടികൾ പൂർത്തിയാക്കിയെങ്കിലും മില്ലുകൾ ഇതുവരെ നെല്ല് എടുത്തിട്ടില്ല. വെള്ളനെല്ലാണെന്ന കാരണമാണ് അധികൃതർ പറയുന്നതെന്ന് കർഷകർ ആരോപിച്ചു. കല്ലിങ്കൽപ്പാടം, രക്കാണ്ടി മേഖലകളിലെ 12 കർഷകരുടെ ഏകദേശം 250 ചാക്ക് നെല്ലാണ് വീടുകളിൽ കെട്ടിക്കിടക്കുന്നത്. സപ്ലൈകോയുടെ സംഭരണ നടപടികൾ വൈകിയതിനെ തുടർന്ന് കണ്ണമ്പ്രയിലെ കാരപ്പൊറ്റ, ചേവക്കാട് പാടശേഖരങ്ങളിലെ 137 കർഷകർ കുറഞ്ഞ വിലയ്ക്ക് നെല്ല് പൊതുവിപണിയിൽ വിറ്റഴിക്കേണ്ടി വന്നതായും കർഷകർ പറഞ്ഞു. ഇതിലൂടെ പലർക്കും വൻ സാമ്പത്തിക നഷ്ടമുണ്ടായി. നെല്ല് സംഭരണം കാര്യക്ഷമമാക്കാത്ത പക്ഷം സമരവുമായി രംഗത്തിറങ്ങേണ്ടി വരുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി.