ഇന്ധന വില വർദ്ധനയ്ക്ക് സമ്മർദ്ദം

Monday 16 March 2026 12:30 AM IST

കൊച്ചി: രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വില ഉയർത്താൻ പൊതുമേഖല കമ്പനികൾ സർക്കാരിൽ സമ്മർദ്ദം ശക്തമാക്കി. ക്രൂഡോയിൽ വില ബാരലിന് 103 ഡോളറിലായതിനാൽ കനത്ത നഷ്‌ടമാണ് പെട്രോൾ, ഡീസൽ എന്നിവയിൽ നേരിടുന്നതെന്ന് കമ്പനികൾ പറയുന്നു. ഉത്പാദന ചെലവിലെ വർദ്ധനയുണ്ടെങ്കിലും സർക്കാർ വില വർദ്ധന തീരുമാനം മരവിപ്പിച്ചതാണ് തിരിച്ചടി. പുതിയ സാഹചര്യത്തിൽ റിഫൈനറികൾക്ക് നൽകുന്ന വിലയിൽ കുറവ് വരുത്തുമെന്ന് വിതരണ കമ്പനികൾ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ ക്രൂഡോയിൽ വിലയിൽ ബാരലിന് 30 ഡോളറിലധികമാണ് ഉയർന്നത്. യുദ്ധം നീണ്ടാൽ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.

വാണിജ്യ പാചക വാതക വിതരണം അവതാളത്തിലായതും പൊതുമേഖല എണ്ണ കമ്പനികളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു.