സ്ഥലവും കെട്ടിടവും വാങ്ങാൻ കിഫ്ബിക്ക് അനുമതി
തിരുവനന്തപുരം:കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന് (കിഫ്ബി) ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് മന്ത്രിസഭ അനുമതി നൽകി.തിരുവനന്തപുരം എം.ജി റോഡിലെ അക്കൗണ്ടന്റ് ജനറൽ ഓഫീസിന് എതിർവശത്ത് ഇപ്പോൾ കിഫ്ബി പ്രവർത്തിക്കുന്ന കെട്ടിടത്തോട് കൂടിയ ഭൂമി വാങ്ങുന്നതിനാണ് അനുമതി.കിഫ്ബി സി.ഇ.ഒയുടെ പേരിലായിക്കണം സ്ഥലം വാങ്ങേണ്ടത്.സംസ്ഥാനതല വാങ്ങൽ സമിതി ശുപാർശ അംഗീകരിച്ച ശേഷമേ സ്ഥലത്തിന്റെ വില നിശ്ചയിക്കാവൂ.ചെലവ് പൂർണമായും കിഫ്ബി വഹിക്കേണ്ടതാണ് തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി.
7 പുതിയ തസ്തികകൾ സൃഷ്ടിക്കും
തിരുവനന്തപുരം: വയനാട് സെന്റ് റെസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്.എസ്.എസിൽ 2026-27 അദ്ധ്യയന വർഷം മുതൽ ഏഴ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എച്ച്.എസ്.എസ്.ടി ഫിസിക്സ്, കെമിസ്ട്രി, ഗണിതം, കമ്പ്യൂട്ടർ സയൻസ്, ജൂനിയർ മലയാളം, ജൂനിയർ ഇംഗ്ലീഷ്, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ സ്ഥിരംനിയമനം നടത്താൻ മാനേജർക്ക് അനുമതി നൽകി.കേൾവി-സംസാര പരിമിതിയുള്ള കുട്ടികൾക്കായുള്ള ജില്ലയിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണിത്. 2014 മുതൽ കമ്പ്യൂട്ടർ സയൻസ് ബാച്ച് ഉണ്ടായിരുന്നെങ്കിലും അദ്ധ്യാപകർ ദിവസ വേതനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭൂരിഭാഗവും എസ്.സി-എസ്.ടി വിഭാഗത്തിലുള്ള ഇവിടത്തെ വിദ്യാർത്ഥികൾക്ക് പുതിയ തീരുമാനം ആശ്വാസമാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.2010-ന് ശേഷം ആദ്യമായി പരിഷ്കരിച്ച കേരള എഡ്യൂക്കേഷൻ റൂൾസിന്റെ (കെ.ഇ.ആർ) പുതിയ പതിപ്പ് ഉടൻ പ്രസിദ്ധീകരിക്കും. 2026 ഫെബ്രുവരി വരെയുള്ള ഭേദഗതികൾ ഉൾപ്പെടുത്തിയ കരട് പതിപ്പിന് അംഗീകാരം ലഭിച്ചു. ഇംഗ്ലീഷിനൊപ്പം മലയാളം പതിപ്പും ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
പതിനായിരം കർഷകർക്ക് കൂടി പെൻഷൻ
തിരുവനന്തപുരം:സംസ്ഥാനത്തെ 10,115 പേർക്ക് കൂടി 2000രൂപയുടെ പ്രതിമാസ കർഷക പെൻഷൻ നൽകാൻ സർക്കാർ തീരുമാനിച്ചു.ഇതിന് 24.27കോടിരൂപ അധികം ചെലവാകും.നിലവിൽ 6,201കർഷകർക്കാണ് പെൻഷൻ നൽകുന്നത്.ഇനിയുള്ള 2,225പേരുടെ അപേക്ഷ പരിശോധിച്ച് തീർപ്പാക്കാൻ കൃഷി ഡയറക്ടർക്ക് നിർദ്ദേശം നൽകി.