പഞ്ചായത്ത് പാരയായി ചക്ക ഫാക്ടറി അടച്ചു

Sunday 15 March 2026 11:36 PM IST

ഏഴംകുളം : വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്താമായിരുന്ന പുതുമലയിലെ ചക്കഫാക്ടറി അടച്ചുപൂട്ടി. പ്രദേശത്തെ മാലിന്യം നിക്ഷേപിക്കാനായി ഫാക്ടറിക്ക് സമീപം പഞ്ചായത്ത് സ്ഥാപിച്ച മിനി എം.സി.എഫാണ് തടസമായത്. തൊട്ടടുത്ത് മാലിന്യം സൂക്ഷിക്കുന്നതിനാൽ വൃത്തിഹീനമായ സാഹചര്യം ഉണ്ടാകുമെന്ന കാരണത്താലാണ് ഫാക്ടറിക്ക് ലൈസൻസ് നിഷേധിച്ചത്. പ്രവാസ ജീവതത്തിന് ശേഷം മടങ്ങിയെത്തി ഫാക്ടറി തുടങ്ങിയ നാട്ടുകാരനായ സംരംഭകന് ഇത് തിരിച്ചടിയായി. ഇവിടെ പണിയെടുത്തിരുന്ന എട്ടുപേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.

ഏഴംകുളം പുതുമല ഒലിവു വില്ലയിൽ തങ്കച്ചൻ യോഹന്നാനാണ് സംരംഭകൻ. തുടക്കത്തിൽത്തന്നെ സംസ്ഥാനതലത്തിൽ ഫാക്ടറിയുടെ പ്രവർത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചക്കയിൽ നിന്നുള്ള അറുപതിലേറെ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ഇവിടെ നിന്ന് വിപണിയിലെത്തിച്ചിരുന്നത്. ചക്കയുടെ വിപണന സാദ്ധ്യതകളിൽ മികച്ച ഇടപെടൽ നടത്തിയതിന് ഫാക്ടറിക്ക് കൃഷി വകുപ്പിന്റെ അവാ‌ർഡും തങ്കച്ചൻ യോഹന്നാന് ലഭിച്ചിരുന്നു. ഫാക്ടറിക്ക് 45 ലക്ഷം രൂപ വാർഷിക വരുമാനം ലഭിച്ചിരുന്നു.

മിനി എം.എസി. എഫ് നിറഞ്ഞുകവിഞ്ഞ് പുറത്തേക്കും കിടക്കുകയായിരുന്നു മാലിന്യം. 2021 ഒക്ടോബറിലാണ് ഫാക്ടറി തുടങ്ങിയത്.

ഒരു വർഷത്തിന് ശേഷമാണ് മിനി എം സി എഫ് ഇതിനുസമീപം സ്ഥാപിച്ചത്. അന്ന് മുതൽ വാർഡ് മെമ്പർമാരോട് ഇത് ഇവിടെ നിന്ന് മാറ്റിസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നുണ്ടെന്ന് തങ്കച്ചൻ യോഹന്നാൻ പറഞ്ഞു. കഴിഞ്ഞിടെ ഇൗ മാലിന്യം രാത്രിയിൽ തീ പിടിച്ച് നശിച്ചു.

ലൈസൻസ് കിട്ടില്ല, പഞ്ചായത്തിന് കുലുക്കമില്ല

1 പ്രദേശത്ത് നിന്ന് ശേഖരിക്കുന്ന മാലിന്യം, സംസ്കരണത്തിന് മുമ്പ് സൂക്ഷിക്കാൻ പഞ്ചായത്ത് മിനി എം.സിഎഫ് സ്ഥാപിച്ചത് ഫാക്ടറിക്ക് സമീപമാണ്. വൃത്തിഹീനമായ ചുറ്റുപാടുകളെന്ന കാരണത്താലാണ് ഫാക്ടറിക്ക് ലൈസൻസ് പുതുക്കി നൽകാത്തത്.

2 ഫുഡ് പ്രോസസിംഗ് ഫാക്ടറികൾക്ക് ടി.യു. വി ലൈസൻസാണ് വേണ്ടത്. സുരക്ഷിതവും വൃത്തിയുള്ളതുമായ സാഹചര്യത്തിലാണ് ഭക്ഷണ വസ്തുക്കൾ നിർമ്മിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്ന ലൈസൻസാണിത്.

3 മിനി എം സി എഫിൽ കൊണ്ടിടുന്ന മാലിന്യങ്ങൾ ഫാക്ടറി പരിസരത്ത് ഉണ്ടാകേണ്ട വൃത്തിക്കും ശുദ്ധമായ വായുവിനും തടസമാണെന്ന കണ്ടെത്തലാണ് ലൈസൻസ് നിഷേധിക്കാനുള്ള കാരണം. പരിശോധനകൾ പലതവണ നടന്നു,

കട്ലറ്റ് മുതൽ ഹൽവ വരെ

പൊട്ടാസ്യം, ഫൈബർ, ആന്റി ഒാക്സിഡന്റുകൾ എന്നിവ നിറഞ്ഞ ചക്കയ്ക്ക് വലിയ ഒൗഷധ ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചക്ക കട്ലറ്റ്, ചക്ക അച്ചാർ, ചക്ക പപ്പടം, ചക്ക ബജി, ചക്ക ഹൽവ, ചക്ക വൈൻ തുടങ്ങി നിരവധി ഉത്പന്നങ്ങൾ വിവിധ കമ്പനികൾ വിപണിയിൽ എത്തിക്കുന്നുണ്ട്. മലബന്ധം തടയാനും രക്തസമ്മർദ്ദം കുറയ്ക്കാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചക്കയ്ക്ക് കഴിയും.

. .പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തി ഏറെ പ്രതീക്ഷയോടെയാണ് ഫാക്ടറി തുടങ്ങിയത്. സംരഭം അടച്ചു പൂട്ടേണ്ടി വരുന്ന സാഹചര്യം വേദനിപ്പിക്കുന്നു

തങ്കച്ചൻ യോഹന്നാൻ