ഭാര്യയെ ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

Monday 16 March 2026 2:14 AM IST

ചാത്തന്നൂർ: ഭാര്യയെ ഫോണിലൂടെ ശല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര സ്വദേശി ദിലീപാണ് (42) കൊല്ലപ്പെട്ടത്. സംഭവത്തിൽ കല്ലുവാതുക്കൽ സ്വദേശികളായ വരുൺ (30), ഭാര്യ സോന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യക്തിവൈരാഗ്യത്തെ തുടർന്ന് ആസൂത്രിതമായി നടത്തിയ മർദ്ദനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.

വരുണിന്റെ ഭാര്യയ്ക്ക് ദിലീപ് നിരന്തരമായി ഫോണിൽ സന്ദേശങ്ങൾ അയച്ചിരുന്നതായി പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനെന്ന വ്യാജേനയാണ് ദിലീപിനെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയ്ക്കിടെ പ്രതികൾ ദിലീപിനെ അതിക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ് അവശനായി വീണ ദിലീപിനെ പ്രതികൾ തന്നെ ആദ്യം കല്ലുവാതുക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിലീപിന്റെ ശരീരത്തിലെ മാരകമായ മുറിവുകളും ക്ഷതങ്ങളും കണ്ട ഡോക്ടർമാർ സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചാത്തന്നൂർ പൊലീസ് ഉടൻ സ്ഥലത്തെത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന ഉളിയനാട് അപ്പൂപ്പൻക്കാവിന് സമീപത്തെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. വരുണിന്റെ സുഹൃത്ത് ബാലു വാടകയ്ക്ക് താമസിച്ചിരുന്ന ഈ വീട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. ദിലീപിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച സയന്റിഫിക് പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.