വി.എസിന്റെ സ്മരണയ്ക്ക് വേണ്ടത് വിപുലമായ ക്യാമ്പസ്: മകൻ അരുൺ കുമാർ
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ സ്മരണയ്ക്കായി വിപുലമായ ക്യാമ്പസ് വേണമെന്ന് മകൻ വി.എ.അരുൺകുമാർ.വിഎസ് എന്ന പോരാളിക്ക് നൽകേണ്ട ആദരം ഫണ്ട് അനുവദിക്കുന്നതിലോ പ്രതിമയിലോ ഒതുങ്ങേണ്ടതല്ല.വി.എസിന്റെ സ്മരണ നിലനിറുത്താനായി ബഡ്ജറ്റിൽ തുക വകയിരുത്തിയതിൽ സന്തോഷമുണ്ട്. എന്നാൽ, വരും തലമുറയ്ക്ക് വിജ്ഞാനവും വിപ്ലവവീര്യവും പകരുന്ന വിപുലമായ ക്യാമ്പസ്സാണ് വി.എസിന്റെ പേരിൽ ഉയരേണ്ടതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചിലയിടങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കങ്ങളും മറ്റു ചിലയിടങ്ങളിൽ പഴയ സഹപ്രവർത്തകർ പോലും വ്യത്യസ്ത ചേരികളിൽ നിന്ന് നടത്തുന്ന പോരാട്ടങ്ങളും കാണുന്നു. വ്യക്തികളേക്കാൾ വലുത് ആശയങ്ങളാണ്.മലമ്പുഴയിലും ആലപ്പുഴയിലുമൊക്കെ ഉയരുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കേരളം കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്നും അരുൺകുമാർ പറഞ്ഞു.
സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ല
ജി. സുധാകരൻ പാർട്ടി വിടുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് വി.എ. അരുൺകുമാർ. പുന്നപ്ര വിപ്ലവ ഭൂമിയാണെന്നും ഇത് പാർട്ടി ഗ്രാമമാണെന്നും ആളുകൾ വൈകാരികമായിട്ടായിരിക്കും സുധാകരന്റെ തീരുമാനത്തോട് പ്രതികരിക്കുകയെന്നും അരുൺകുമാർ വ്യക്തമാക്കി. പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. സുധാകരനുമായുള്ള പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കണം. പാർട്ടിയിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് സുധാകരനാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ വിഷയത്തിൽ പാർട്ടിയുടെ നിലപാട് തന്നെയാണ് തനിക്കുള്ളമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.