കൊല്ലത്ത് ആർക്കും ഈസി വാക്ക് ഓവറില്ല

Monday 16 March 2026 12:32 AM IST

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ ആർക്കും ഇത്തവണ ഈസി വാക്ക് ഓവറില്ല. പൊതുവേ ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള ജില്ലയാണെങ്കിലും പതിനൊന്ന് മണ്ഡലങ്ങളിലും ഇത്തവണ തീ പാറുന്ന പോരാട്ടമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിൽ മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. 2016ൽ 11 സീറ്റും എൽ.ഡി.എഫിനായിരുന്നു.

എന്നാൽ ഇത്തവണത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വോട്ട് കൊല്ലത്ത് കുത്തനെ ഇടിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ 25 വർഷമായി ഭരിക്കുന്ന കൊല്ലം കോർപ്പറേഷൻ എൽ.ഡി.എഫിന് നഷ്ടമായതിന് പുറമേ പകുതിയോളം പഞ്ചായത്തുകളുടെ ഭരണവും യു.ഡി.എഫ് പിടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് പ്രകാരം ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫാണ് മുന്നിൽ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതവും തദ്ദേശ തിരഞ്ഞടുപ്പിൽ ജനപ്രതിനിധികളുടെ എണ്ണവും വർദ്ധിപ്പിച്ച് നിൽക്കുകയാണ് ബി.ജെ.പി. പാർലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് എൽ.ഡി.എഫ് വളരെ സൂക്ഷ്മതയോടെയാണ് കരുക്കൾ നീക്കുന്നത്.

കുന്നത്തൂരിലെ എൽ.ഡി.എഫ് സ്വതന്ത്രൻ കോവൂർ കുഞ്ഞുമോൻ അടക്കം ജില്ലയിലെ എല്ലാ എൽ.ഡി.എഫ് സ്ഥാനാർത്ഥികളും കളത്തിൽ ഇറങ്ങിക്കഴിഞ്ഞു. യു.ഡി.എഫിൽ ആർ.എസ്.പിയുടെ മൂന്ന് സ്ഥാനാർത്ഥികളും, ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും കൊല്ലം, പത്തനാപുരം, കുണ്ടറ, കരുനാഗപ്പള്ളി, കൊട്ടാരക്കര, മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളും ചുവരെഴുത്ത് തുടങ്ങി. എൻ.ഡി.എയിൽ സ്ഥാനാർത്ഥി നിർണയം അന്തിമമായിട്ടില്ല. കരുനാഗപ്പള്ളി, ഇരവിപുരം, കുണ്ടറ സീറ്റുകളാണ് ബി.ഡി.ജെ.എസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂർ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമാണ്. ഇവിടെ ബി.ജെ.പി മുൻകൂട്ടി പ്രവർത്തനം തുടങ്ങിയിരുന്നു.

2021ൽ

എൽ.ഡി.എഫ് 9

യു.ഡി.എഫ്- 2

2016ൽ

എൽ.ഡി.എഫ് 11

യു.ഡി.എഫ് -0

അങ്കത്തട്ടിൽ മൂന്ന് മന്ത്രിമാർ

മൂന്ന് മന്ത്രിമാർ കൊല്ലം ജില്ലയിൽ മത്സര രംഗത്തുണ്ട്. കെ.എൻ.ബാലഗോപാൽ കൊട്ടാരക്കരയിലും ജെ.ചിഞ്ചുറാണി ചടയമംഗലത്തും കെ.ബി.ഗണേശ് കുമാർ പത്തനാപുരത്തുമാണ് ജനവിധി തേടുന്നത്. മൂന്ന് തവണ എൽ.ഡി.എഫ് എം.എൽ.എയായിരുന്ന പി.അയിഷാ പോറ്റി ബാലഗോപാലിനെതിരെ കൊട്ടാരക്കരയിൽ കളത്തിലിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ആർ.രശ്മിയാകും എൻ.ഡി.എ സ്ഥാനാർത്ഥി. കെ.പി.സി.സി ജനറൽ സെക്രട്ടറി ചാമക്കാല ജ്യോതികുമാർ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ അഞ്ചുവർഷമായി പത്തനാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുകയാണ്. ജെ.ചിഞ്ചുറാണിയുടെ എതിരാളികൾ ആരൊക്കെയാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.