ആദ്യദിനം കളംനിറഞ്ഞ് കെ.എൻ.ബാലഗോപാൽ

Monday 16 March 2026 12:37 AM IST
കൊട്ടാരക്കരയിൽ ഇടത് മുന്നണി നടത്തിയ റോഡ് ഷോയിൽ സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ വോട്ടർമാരെ കൈവീശി അഭിവാദ്യം ചെയ്യുന്നു

കൊട്ടാരക്കര: നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഒന്നര മണിക്കൂർ തികയും മുമ്പേ കൊട്ടാരക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ റോഡ് ഷോയുമായി കളം നിറഞ്ഞു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര കിഴക്കേത്തെരുവിൽ നിന്ന് തുടങ്ങി പുലമൺ, ചന്തമുക്ക്, കച്ചേരിമുക്ക്, റെയിൽവേ സ്റ്റേഷൻ, നെടുവത്തൂർ, അമ്പലത്തുംകാല, എഴുകോൺ, ചീരങ്കാവ് വഴി ആറുമുറിക്കട വരെയായിരുന്നു റോഡ് ഷോ.

അനൗൺസ്മെന്റ് വാഹനത്തിന് പിന്നാലെ തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലും ഇടത് മുന്നണി നേതാക്കളും സഞ്ചരിച്ചു. പാതയോരങ്ങളിൽ കാത്തുനിന്നവർ സ്വീകരണങ്ങൾ നൽകി. വഴിയാത്രക്കാരും കച്ചവടക്കാരുമടക്കം ബാലഗോപാലിനെ വരവേറ്റു. പുഞ്ചിരിയോടെ കൈവീശി വോട്ടർമാരെ അഭിവാദ്യം ചെയ്താണ് കടന്നുപോയത്. തൊട്ടുപിന്നാലെയാണ് നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും കാറുകളുമടക്കം റോഡ് ഷോയ്ക്ക് കൊഴുപ്പേകിയത്. ഇന്ന് പുലമൺ ജംഗ്ഷനിൽ നിന്ന് റോഡ് ഷോ പുനരാരംഭിക്കും. വൈകിട്ട് 3ന് പുലമണിൽ നിന്ന് തുടങ്ങി മൈലം, താമരക്കുടി, കലയപുരം, പുത്തൂർമുക്ക്, കുളക്കട, താഴത്തുകുളക്കട, മാവടി, പൂവറ്റൂർ, പെരുംകുളം, പള്ളിക്കൽ, കോട്ടാത്തല, പുത്തൂർ, കല്ലേലിമുക്ക്, തേവലപ്പുറം, ആനക്കോട്ടൂർ, പ്ളാമൂട്, നെടുവത്തൂർ, അമ്പലത്തുംകാല, എഴുകോൺ, കരീപ്ര, നെടുമൺകാവ്, വെളിയം, ഓടനാവട്ടം, നെല്ലിക്കുന്നം, തൃക്കണ്ണമംഗൽ, ഉമ്മന്നൂർ, വയയ്ക്കൽ വഴി വൈകിട്ട് 6.30ന് വാളകത്ത് സമാപിക്കുന്ന വിധത്തിലാണ് റോഡ് ഷോ. അതാത് മേഖലയിലെ ഇടത് മുന്നണി പ്രവർത്തകർ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി ഒപ്പം ചേരും.