100 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ

Monday 16 March 2026 12:40 AM IST

□തട്ടിപ്പ് അഗ്രി ടൂറിസം സഹ.സൊസൈറ്റിയുടെ മറവിൽ

കളമശേരി: സഹകരണ സംഘത്തിന്റെ മറവിൽ 100 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽ പോയ സ്ഥാപന ഉടമകൾ അറസ്റ്റിൽ. കളമശേരി പത്തടിപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അഗ്രി ടൂറിസം മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ (അറ്റ്കോസ്) വൈസ് ചെയർമാൻ തൃശൂർ എൽതുരുത്ത് ലാലൂർ റോഡ് പറത്തല വീട്ടിൽ പി.ആർ. മുരളീധരൻ (62), മകനും ചെയ‌ർമാനുമായ അഖിൽ മുരളി (35), ഇളയ മകനും മാനേജിംഗ് ഡയറക്ടറുമായ ആഷിക് മുരളി (32) എന്നിവരാണ് കളമശേരി പൊലീസിന്റെ

പിടിയിലായത്.

32 പൊലീസ് സ്റ്റേഷനുകളിലായി 54 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കളമശേരി സ്റ്റേഷനിൽ മാത്രം 29 കേസുണ്ട്. പ്രതികൾ അറസ്റ്റിലായതോടെ കൂടുതൽ പരാതികൾ ലഭിച്ചു തുടങ്ങി. പത്തടിപ്പാലത്തെ ഓഫീസ് റെയ്ഡ് ചെയ്ത് നിർണായക രേഖകൾ പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കോ ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനിയുടെ മറവിൽ 2022 മുതൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. കേരളത്തിൽ 13 സ്ഥലങ്ങളിലും തമിഴ്നാട്ടിൽ കോയമ്പത്തൂരിലും സ്ഥാപനത്തിന് ശാഖകളുണ്ട്. നിക്ഷേപത്തിന് 11.75% വരെയാണ് പലിശ വാഗ്ദാനം ചെയ്തത്. ഉയർന്ന ലാഭം പ്രതീക്ഷിച്ച് വീട്ടമ്മമാരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുമെല്ലാമായി ആയിരത്തോളം നിക്ഷേപകർ പണം മുടക്കി. ലാഭവും മുതൽ മുടക്കും തിരിച്ചു കിട്ടാതായതോടെ പലരും കമ്പനിയെ സമീപിച്ചു. ഇതോടെ ഉടമകൾ പത്തടിപ്പാലത്തെ ഓഫീസും ഇതരഹശാഖകളും പൂട്ടി മുങ്ങി.

ഇരകളുടെ നീക്കം

നിരീക്ഷിച്ച് ഒളിജീവിതം

തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് പ്രതികൾ രാജകീയ ജീവിതമാണ് നയിച്ചത്. തൃശൂരിൽ കൊട്ടാര സദൃശമായ വീട് പണിതു. മുന്തിയ കാറുകളിലായിരുന്നു സഞ്ചാരം. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.

ഒളിവിലിരുന്ന് നിക്ഷേപകരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു പ്രതികൾ.

പണം നഷ്ടപ്പെട്ടവർ രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ ഇവരുടെ ആളുകൾ നുഴഞ്ഞു കയറി കേസുകളുടെ വിവരങ്ങൾ മുൻകൂട്ടി മനസിലാക്കി. തുടർന്ന് ഹൈക്കോടതിയിൽ നിന്ന് അറസ്റ്റിന് വിലക്കേർപ്പെടുത്തി അനുകൂല ഉത്തരവ് സമ്പാദിച്ചു. വിലക്ക് കോടതി പിൻവലിച്ചതോടെ പ്രതികൾ വീണ്ടും ഒളിവിൽ പോയി. കോയമ്പത്തൂരിലെ ശാഖയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശികളുടെ പേരിൽ സിം കാർഡ് തരപ്പെടുത്തി തൃശൂരിലെ ഒരു അപ്പാർട്ട്മെന്റിൽ അതീവ രഹസ്യമായി തങ്ങവെയാണ് പിടിയിലായത്.