എൻ.ഡി.എ സ്ഥാനാർത്ഥി പട്ടിക രണ്ടുദിവസത്തിനകം
□ പ്രഗത്ഭരായ സ്ഥാനാർത്ഥികൾ വരുമെന്ന് പി.കെ.കൃഷ്ണദാസ്
തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിപ്പട്ടിക രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. മറ്റ് മുന്നണികളുടേതിനേക്കാൾ പ്രഗത്ഭരായ സ്ഥാനാർത്ഥികളുണ്ടാകും. സ്ഥാനാർഥികളെ സംബന്ധിച്ച് ബി.ജെ.പിയിലോ എൻ.ഡി.എയിലോ തർക്കമില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി കേരളത്തിൽ അത്ഭുതകരമായ രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന തിരഞ്ഞെടുപ്പാണിത്. എൻ.ഡി.എ കേരളത്തിൽ നിർണ്ണായക രാഷ്ട്രീയ ശക്തിയാകും. നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡബിൾ എഞ്ചിൻ സർക്കാർ വരണമെന്ന ജനങ്ങളുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാവും ഉണ്ടാവുക. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ നിയമസഭയ്ക്ക് പുറത്തെന്ന പോലെ അകത്തും ബി.ജെ.പി നിർണ്ണായക ശക്തിയാവും. ആരെ സ്ഥാനാർത്ഥിയാക്കിയാലും എൽ.ഡി.എഫ് വിജയിക്കാൻ പോകുന്നില്ല. കോൺഗ്രസ്-സി.പി.എം മുക്ത സംസ്ഥാനമായി കേരളം മാറുമെന്നും കൃഷ്ണദാസ് പറഞ്ഞു