കരാറെടുക്കാൻ ആളില്ല , വാട്ടർ അതോറിട്ടിയിൽ സാമ്പത്തിക പ്രതിസന്ധി

Monday 16 March 2026 12:55 AM IST

ആലപ്പുഴ: വാട്ടർ അതോറിട്ടിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. കരാറുകാരുടെ കുടിശിക കോടികളായതോടെയാണിത്. പദ്ധതികൾ കരാറെടുക്കാനും ആളില്ലാതായി. അതേസമയം,ജലക്ഷാമം രൂക്ഷമായതോടെ പൈപ്പ് ലൈനുകളുടെയും പമ്പിംഗ് സ്റ്റേഷനുകളുടെയും തകരാറ് പരിഹരിക്കാനും ജല വിതരണം സുഗമമാക്കാനും നിവൃത്തിയില്ലാതെ വട്ടം ചുറ്റുകയാണ് വാട്ടർ അതോറിട്ടി.

കഴിഞ്ഞ സാമ്പത്തിക വർഷാവസാനം ലഭിക്കേണ്ട 3,500 കോടി ഉൾപ്പടെ സർക്കാർ സഹായങ്ങളും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതങ്ങളുമെല്ലാം കുടിശികയായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.പി.എല്ലുകാർക്കുള്ള കുടിവെള്ള പദ്ധതിക്ക് പുറമേ സൗജന്യങ്ങൾ കൂട്ടുകയും സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ കോടികളുടെ വെള്ളക്കരം കിട്ടാനുള്ളതും കൂടുതൽ ഗുരുതരമാക്കി.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ കുടിശിക നിവാരണത്തിന് വാട്ടർ അതോറിട്ടി മാനേജ്‌മെന്റ് അനുമതി നൽകിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. ശമ്പളം,പെൻഷൻ,വൈദ്യുതിച്ചെലവ്,അറ്റകുറ്റപ്പണി,വായ്പാ തിരിച്ചടവ് എന്നിവയ്ക്ക് അനുസൃതമായി കുടിവെള്ള ചാർജിൽ വർദ്ധന വരുത്താനുമാകുന്നില്ല.

പദ്ധതികൾ കൂടി,

നഷ്ടവും

വരൾച്ച രൂക്ഷമാകുകയും ജൽജീവനുൾപ്പെടെ പദ്ധതികളുടെയും ഗുണഭോക്താക്കളുടെയും എണ്ണം വർദ്ധിക്കുകയും ചെയ്തത് വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക ബാദ്ധ്യതയെ വർദ്ധിപ്പിച്ചു. പൈപ്പ് ലൈനുകളുടെയും പമ്പ് ഹൗസുകളുടെയും മോട്ടോറുകളുടെയും മെയിന്റനൻസ് ഉൾപ്പെടെയുള്ള ചെലവുകളും കണക്കിലെടുക്കുമ്പോൾ 2024-25 വർഷത്തെ കണക്കുപ്രകാരം 1000 ലിറ്റർ കുടിവെള്ളത്തിന് ഉത്പാദന-വിതരണ ചെലവ് 24.56 രൂപയിലധികമാണ്. എന്നാൽ,അതിലൂടെ ലഭിക്കുന്ന വരുമാനം 19.90 രൂപ. 4.66 രൂപയാണ് 10,​000 ലിറ്റർ ജലം വിതരണം ചെയ്യുമ്പോഴുണ്ടാകുന്ന നഷ്ടം.

കുടിശിക

(കോടിയിൽ)

സർക്കാർ സ്ഥാപനങ്ങൾ....................167.42

പൊതുമേഖല സ്ഥാപനങ്ങൾ...........24.05

ആകെ നഷ്ടം...............................................384.27