സർവസജ്ജരായി മുന്നണികൾ; പ്രചാരണത്തിന് തുടക്കം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ തീയതി പ്രഖ്യാപിച്ചതോടെ സർവ സജ്ജരായി മുന്നണികൾ. ഒരു പതിറ്റാണ്ട് നീണ്ട ഭരണത്തിന്റെ തുടർച്ചയാണ് എൽ.ഡി.എഫ് ലക്ഷ്യം. ലോകസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വിജയത്തോടെ ഭരണമാറ്റമുണ്ടാകുമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്. ഇത്തവണ നിയമസഭയിൽ ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിലെ പ്രാതിനിധ്യം ഉറപ്പിക്കാനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ നീക്കം.
മൂന്നു മുന്നണികൾക്കും നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടാൽ ഇന്ത്യയിൽ ഒരിടത്തും ഭരണത്തിലില്ലാത്ത പാർട്ടിയായി സി.പി.എം മാറും. യു.ഡി.എഫിന് ഭരണം തിരിച്ചുപിടിച്ചില്ലെങ്കിൽ മുന്നണിയുടെ ഭാവി തന്നെ അപകടത്തിലാവും.
തൃശൂർ ലോകസഭാ മണ്ഡലവും തിരുവനന്തപുരം കോർപ്പറേഷനും പിടിച്ച ബി.ജെ.പിക്ക് നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കേണ്ടത് ജീവൻമരണ പ്രശ്നമാണ്.
എൽ.ഡി.എഫ് ലക്ഷ്യം
പിണറായി 3.0
പിണറായി 3.0 ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ് രംഗത്തിറങ്ങുന്നത്. 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ' എന്ന പ്രചാരണ മുദ്രാവാക്യത്തിലൂടെ സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷം നടത്തിയ വികസന പ്രവർത്തനങ്ങളാണ് മുഖ്യ പ്രചരണ ആയുധമാക്കുന്നത്. നിലവിലെ എം.എൽ.എമാരിൽ ഭൂരിഭാഗത്തെയും,വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചതും വികസനനേട്ടങ്ങൾ വോട്ടാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ സി.പി.എമ്മും സി.പി.ഐയും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികൾ മണ്ഡലങ്ങളിൽ പ്രചരണത്തിനിറങ്ങി. ആദ്യ ഘട്ടത്തിൽ മേൽക്കൈ നേടാൻ ഇതിലൂടെ കഴിയുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. മറ്റു ഘടകകക്ഷികളും ഉടൻ പട്ടിക പ്രഖ്യാപിക്കും.പാർട്ടിയിലെഹ ചില നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഭീഷണിയാകുമോയെന്ന ആശങ്ക സി.പി.എമ്മിനണ്ട്. ആയിഷ പോറ്റി മുതൽ ജി.സുധാകരൻ വരെ ഉയർത്തുന്ന ഭീഷണി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി.45.4% വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ
നെടിയത്.
കോൺഗ്രസിനെ അലട്ടി
സ്ഥാനാർത്ഥി നിർണയം
. ശബരിമല സ്വർണ്ണപ്പാളി കവർച്ച മുതൽ കെ.ബി.ഗണേഷ്‌കുമാറിനെതിരായ പരാതി വരെ പ്രചരണായുധമാക്കാനാണ് യു.ഡി.എഫ് ശ്രമം. അതേ സമയം,വളരെ മുമ്പേ സ്ഥാനാർത്ഥി നിർണയ ചർച്ച തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിയാത്തത് കോൺഗ്രസിനെ അലട്ടുന്നു. കണ്ണൂരിൽ മത്സരിക്കണമെന്ന കെ.സുധാകരൻ എം.പിയുടെ സമ്മർദ്ദവും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പും പട്ടിക വൈകാൻ കാരണമായി. ഇന്ന് ഡൽഹിക്ക് പോകുന്ന നേതാക്കൾ ചർച്ച നടത്തി ബുധനാഴ്ചയോടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകും. സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും മണ്ഡലങ്ങളിൽ യു.ഡി.എഫ് പ്രചരണം തുടങ്ങിക്കഴിഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയത് 39.5 % വോട്ട്.
ഒന്നിലേറെ അക്കൗണ്ട്
തുറക്കാൻ ബി.ജെ.പി
2016ൽ നിയമസഭയിൽ നേമം വഴി അക്കൗണ്ടു തുറന്ന ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആ സീറ്റും നഷ്ടമായി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ വിജയിച്ചു. 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി. ഒമ്പതിടത്ത് രണ്ടാം സ്ഥാനത്തും. ഈ നേട്ടം നിലനിറൂത്താനായാൽ അഞ്ചിൽ കൂടുതൽ പേരെ ഇത്തവണ നിയമസഭയിലെത്തിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്ക്കൂട്ടൽ. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്തതോടെ ആത്മവിശ്വാസം വർധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12.4 ശതമാനം വോട്ടാണ് എൻഡിഎ നേടിയത്. സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ച് അടുത്ത ദിവസം പട്ടിക പ്രഖ്യാപിക്കും.