സർക്കാർ ജീവനക്കാരുടെ അവധി ആനുകൂല്യങ്ങൾ ഫാം തൊഴിലാളികൾക്കും
Monday 16 March 2026 2:31 AM IST
തിരുവനന്തപുരം; കേരള സർവീസ് ചട്ടങ്ങൾ പ്രകാരം സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക അവധി ആനുകൂല്യങ്ങൾ സംസ്ഥാനത്തെ സർക്കാർ ഫാമുകളിലെ സ്ഥിരം തൊഴിലാളികൾക്കും ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചു.
ഹൃദയ സംബന്ധമായ സർജറി, ആൻജിയോപ്ലാസ്റ്റി, അവയവം മാറ്റിവയ്ക്കൽ, രക്തദാനം എന്നിവയ്ക്കുള്ള സ്പെഷ്യൽ കാഷ്വൽ ലീവും, പിതൃത്വ അവധിയും ഇനിമുതൽ ഫാം തൊഴിലാളികൾക്കും ലഭ്യമാകും. സർക്കാർ ഫാമുകളിലെ ജീവനക്കാർക്ക് നിലവിൽ കെ.എസ്.ആർ വ്യവസ്ഥകൾ ബാധകമല്ലാത്തതിനാലും, അവർക്കായി പ്രത്യേകം ചട്ടങ്ങൾ നിലവിലില്ലാത്തതിനാലുമാണിത്.കൃഷി , മൃഗസംരക്ഷണം, ക്ഷീരവികസനം, തദ്ദേശ സ്വയം ഭരണം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, ഗ്രാമ വികസനം, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകൾക്ക് കീഴിലുള്ള ഫാമുകളിലെയും ലാബുകളിലെയും തൊഴിലാളികൾക്ക് ആശ്വാസമാണിത്.