കുന്നത്തുനാട്ടിൽ ബാബു ദിവാകരൻ എൻ.ഡി.എ സ്ഥാനാർത്ഥി

Monday 16 March 2026 1:34 AM IST

കോലഞ്ചേരി: സംവരണ മണ്ഡലമായ കുന്നത്തുനാട്ടിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻ.ഡി.എ . അടൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനും മുൻ കോൺഗ്രസ് നേതാവുമായ ബാബു ദിവാകരനെയാണ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്. ചക്കയാണ് ട്വന്റി20യുടെ തിരഞ്ഞെടുപ്പ് ചിഹ്നം.

എൻ.ഡി.എയുടെ സംസ്ഥാനത്തെ ആദ്യ സ്ഥാനാർത്ഥിയെയാണ് പ്രഖ്യാപിച്ചതെന്നും തർക്കങ്ങളില്ലാതെ 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കുന്നത്തുനാട്ടിലെ എൻ.ഡി.എ പ്രചാരണത്തിന്റെ ഉദ്ഘാടനം സ്ഥാനാർത്ഥിക്കൊപ്പം ചുവരെഴുതി രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു.കുന്നത്തുനാട്ടിലെ ഇടത്-വലത് എം.എൽ.എമാർ കോടീശ്വരന്മാരായിരിക്കെ, സ്വന്തമായി കിടപ്പാടമില്ലാത്ത സ്ഥാനാർത്ഥിയെയാണ് എൻ.ഡി.എ അവതരിപ്പിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു.