സഹകരണ പുനരുദ്ധാരണ നിധി:  തുക ദുരുപയോഗം ചെയ്താൽ ക്രിമിനൽ നടപടി

Monday 16 March 2026 1:39 AM IST

തിരുവനന്തപുരം: സഹകരണ പുനരുദ്ധാരണ നിധിയുടെ വിനിയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ.

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഫണ്ട് ദുരുപയോഗം ചെയ്താൽ ഭരണസമിതി അംഗങ്ങളിൽ നിന്ന് തുക തിരിച്ചുപിടിക്കും. ഭരണസമിതി അംഗങ്ങൾക്കെതിരെ ക്രിമിനൽ നടപടിയെടുക്കും. വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയാലും കർശന നടപടിയുണ്ടാകും. ഇക്കാര്യം വ്യക്തമാക്കി സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടതും പ്രവർത്തനരഹിതവുമായ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് പദ്ധതി. ഇതിന്റെ മാർഗനിർദ്ദേശങ്ങൾ രജിസ്ട്രാർ പുറപ്പെടുവിച്ചു. പുനരുദ്ധാരണ നിധിയിൽനിന്നു വായ്പയെടുക്കുന്ന തുക പദ്ധതി റിപ്പോർട്ടിൽ പരാമർശിച്ച ആവശ്യങ്ങൾക്കുമാത്രമേ ഉപയോഗിക്കാവൂ. വകമാറ്റാൻ അനുവദിക്കില്ല. ഇക്കാര്യം ജില്ലാ മോണിട്ടറിംഗ് കമ്മിറ്റി വിലയിരുത്തണം.

ഫണ്ട് ദുരുപയോഗം ചെയ്താൽ രജിസ്ട്രാർ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കും. നഷ്ടം ഭരണസമിതി അംഗങ്ങളുടെ വ്യക്തിഗത ബാദ്ധ്യതയാക്കി പലിശ സഹിതം തിരിച്ചുപിടിക്കും. കേരള സഹകരണ നിയമത്തിലെ വകുപ്പ് 65,68 (1), 68 (2) വ്യവസ്ഥകൾപ്രകാരമായിരിക്കും നടപടി. വായ്പാതിരിച്ചടവിൽ വീഴ്ച വരുത്തിയാലും ഇതേ നടപടിയുണ്ടാകും. വായ്പാ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രത്യേകം അക്കൗണ്ടുകൾ സംഘം സൂക്ഷിക്കണം.

സഹകരണ പുനരുദ്ധാരണനിധിയിൽ നിന്നു വായ്പ സ്വീകരിക്കുന്നതിന് സഹകരണസംഘം രജിസ്ട്രാറും ബന്ധപ്പെട്ട സംഘവും തമ്മിൽ വായ്പക്കരാർ ഒപ്പിടണം. 500 രൂപയുടെ മുദ്രപ്പത്രത്തിലാണ് കരാർ തയ്യാറാക്കേണ്ടത്. വായ്പ സ്വീകരിക്കുന്ന സംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും മറ്റു ഭരണസമിതിയംഗങ്ങളും ഒപ്പിടണം. വായ്പ സ്വീകരിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കും. പുനരുദ്ധാരണനിധിയിലേക്ക് തുക നൽകുന്ന സഹകരണസംഘങ്ങൾക്ക് 0.5 ശതമാനം അധികപ്പലിശ നൽകും. എല്ലാ സാമ്പത്തികവർഷവും മാർച്ച് പത്തിന് പലിശ കണക്കാക്കി സംഘങ്ങൾക്ക് അറിയിപ്പ് നൽകും. ഓഡിറ്റ് പൂർത്തിയാക്കി രണ്ടു മാസത്തിനുള്ളിൽ പലിശ അനുവദിക്കും.

നിധിയിൽനിന്നു വായ്പ സ്വീകരിക്കുന്ന സഹകരണസംഘങ്ങൾ എല്ലാ മാസവും പത്തിന് മുമ്പായി പലിശ സഹകരണസംഘം രജിസ്ട്രാറുടെ പേരിൽ അടയ്‌ക്കണം.

കേരള സഹകരണസംഘംനിയമം അനുസരിച്ചാണ് കേരള സഹകരണ പുനരുദ്ധാരണ പദ്ധതി രൂപീകരിച്ചത്.