നവീൻ ബാബു കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്; നാല് കാര്യങ്ങളിൽ  വ്യക്തത വേണമെന്ന്  കോടതി

Monday 16 March 2026 2:51 PM IST

കോഴിക്കോട്: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. തലശേരി സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിർണായക വിധി. നിലവിലെ അന്വേഷണ സംഘത്തിന് കനത്ത പ്രഹരമേൽപ്പിക്കുന്നതാണ് ഈ തീരുമാനം.

നാല് പ്രധാന കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. നവീൻ ബാബുവിന് ഒരു ലക്ഷം രൂപ കെെക്കൂലി നൽകാനായി പ്രശാന്ത് എന്നയാൾ സ്വർണം പണയം വച്ചുവെന്ന് പറയുന്നതിൽ വ്യക്തത വരുത്തണം, ഈ സ്വർണം എവിടെയാണ്, എപ്പോഴാണ് സ്വർണം വച്ചത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന് കോടതി ഉത്തരവിട്ടു.

കൂടാതെ പ്രശാന്തിന്റെ പക്കലുണ്ടായിരുന്ന രണ്ട് മൊബെെൽ ഫോണുകളിൽ ഒന്നുമാത്രമാണ് അന്വേഷണ സംഘം പരിശോധിച്ചതെന്നും രണ്ടാമത്തെ ഫോണിലെ വിവരങ്ങൾ കൂടി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ രേഖകളിൽ പല ഫോൺ രേഖകളുടെയും പൂർണരൂപം ഇല്ലെന്നും അത് ലഭ്യമാക്കണമെന്നും നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തെ പരാതി അന്വേഷിച്ച വിജിലൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയുടെ കൈക്കൂലി ആരോപണ പ്രസംഗത്തിന് പിന്നാലെ ഒക്ടോബർ 15നാണ് നവീൻബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 14നായിരുന്നു യാത്രയയപ്പ് യോഗം.