സ്ഥാനാർത്ഥികളേ, ഓടാൻ റെഡിയാകൂ...
കൊച്ചി: മുന്നിലുള്ളത് വെറും 24 ദിവസം. പൂർത്തിയാക്കേണ്ടത് കുറഞ്ഞത് മൂന്നുവട്ട പ്രചാരണം. ദിവസം കുറവായതിനാൽ ഒന്ന് ഉറപ്പായി. ഇക്കുറി സ്ഥാനാർത്ഥിക്ക് നിന്നുതിരിയാൻ സമയം കിട്ടില്ല. പ്രചാരണക്കാലയളവിൽ എത്തുന്ന അവധി ദിവസങ്ങളിൽ മാത്രം അല്പം വിശ്രമിക്കാം. സാധാരണ ഒരു മാസത്തിലധികമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഭിച്ചിരുന്നത്. എന്നാൽ ദിവസം കുറയുമ്പോൾ പ്രചാരണച്ചെലവ് കുറയുമെന്ന വലിയ ആശ്വാസം രാഷ്ട്രീയ പാർട്ടികൾക്കുണ്ട്.
ഇടത് ഒരുപടി മുന്നിൽ
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം സ്ഥാനാർത്ഥികളെ ജനങ്ങൾക്ക് മുന്നിൽ എത്തിച്ച് എൽ.ഡി.എഫ് ജില്ലയിൽ പ്രചാരണത്തിൽ ഒരുപടി മുന്നിലാണ്. ആദ്യ ദിവസത്തെ റോഡ് ഷോകൾ അണികളിൽ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ഇനി മേഖലകൾ തിരിച്ചുള്ള റാലിയിലേക്കും കുടുംബയോഗങ്ങളിലേക്കും മുന്നണി കടക്കും. ജില്ലയിൽ ഇനി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ളത് മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ്. എറണാകുളം, പിറവം, പെരുമ്പാവൂർ. മറ്റ് മണ്ഡലങ്ങളിലെല്ലാം ചുമരെഴുത്തും പോസ്റ്ററുകളുമെല്ലാം നിറഞ്ഞു. എൽ.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എമാരിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഒഴികെ എല്ലാവരും അതത് മണ്ഡലങ്ങളിൽ തന്നെയാണ് ജനവിധി തേടുന്നത്.
സിറ്റിംഗിൽ മാത്രം
വലതുകോട്ടയായ എറണാകുളത്ത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും പ്രചാരണത്തിലും അല്പം പിന്നിലാണ് യു.ഡി.എഫ്. സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കുമെന്ന് ഉറപ്പായതിനാൽ, ഈ മണ്ഡലങ്ങളിൽ മാത്രമാണ് പ്രചാരണം ആരംഭിച്ചത്. ആലുവയിൽ അൻവർ സാദത്ത്, അങ്കമാലിയിൽ റോജി എം. ജോൺ, തൃക്കാക്കരയിൽ ഉമ തോമസ്, എറണാകുളത്ത് ടി.ജെ. വിനോദ്, പറവൂരിൽ വി.ഡി. സതീശൻ, മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി, പിറവത്ത് അനൂപ് ജേക്കബ് എന്നിവർ സജീവമായി. എങ്കിലും പ്രചാരണവേഗമായിട്ടില്ല. ബുധനാഴ്ചയോടെ 14 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളാകുന്നതോടെ യു.ഡി.എഫും രംഗം പിടിക്കും. കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിലെ അനിശ്ചിതത്വം പ്രചാരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കോതമംഗലത്ത് കോൺഗ്രസ് - കേരള കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ പോരടിച്ചത് നാണക്കേടായി.
സോഷ്യൽ മീഡിയ പ്രചാരണം
സാമൂഹ്യമാദ്ധ്യമങ്ങളിലും കൂറ്റൻ ഹോർഡിംഗുകളിലെല്ലാം ഇടത്-വലത് മുന്നണികളെ കുറ്റപ്പെടുത്തിയുള്ള പോസ്റ്ററുകൾ സ്ഥാപിച്ച് എൻ.ഡി.എ രംഗത്തുണ്ട്. പരസ്പരം അഴിമതി കാണിക്കാനും പ്രീണനം നടത്താനും അവസരം ഒരുക്കുക മാത്രമാണ് രണ്ട് മുന്നണികളും ചെയ്യുന്നതെന്ന പ്രചാരണമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ എൻ.ഡി.എ നടത്തുന്നത്. കുന്നത്തുനാട്ടിൽ ട്വന്റി 20 ഒഴികെ ജില്ലയിൽ ഒരു സ്ഥാനാർത്ഥിയെ പോലും എൻ.ഡി.എ പ്രഖ്യാപിച്ചിട്ടില്ല. കുന്നത്തുനാടിന് പുറമെ, പെരുമ്പാവൂർ, അങ്കമാലി, തൃക്കാക്കര, വൈപ്പിൻ, കൊച്ചി, മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിക്കും.