'എഴുത്തമ്മ' അനുഗ്രഹിച്ചു, വിജയമുറപ്പാക്കാൻ രാജീവ്
കളമശേരി: ഇലക്ഷൻ വിജ്ഞാപനം വന്നതോടെ മണ്ഡലം നിലനിറുത്താൻ അരയും തലയും മുറുക്കി രംഗത്തിറങ്ങി മന്ത്രി പി. രാജീവ്. കളമശേരിയിൽ രണ്ടാം വട്ടം മത്സരിക്കുന്ന പി.രാജീവ് മലയാളത്തിന്റെ എഴുത്തമ്മ ഡോ.എം. ലീലാവതിയെ വീട്ടിലെത്തി കണ്ട് അനുഗ്രഹം വാങ്ങി. രണ്ട് കൈയും തലയിൽ വെച്ച് ടീച്ചർ അനുഗ്രഹിച്ചു. 'ജയിക്കും, വലിയ ഭൂരിപക്ഷത്തിന് ജയിച്ചു വരും'. തിരഞ്ഞെടുപ്പ് കാര്യങ്ങളൊക്കെ വിശദമായി അവർ ചോദിച്ചറിഞ്ഞു. തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന് തന്റെ സ്വദേശമായ ഗുരുവായൂരിലേക്ക് ബസ് സർവീസ് ആരംഭിച്ചതിൽ സന്തോഷവും പ്രകടിപ്പിച്ചു.
ഇന്നലെ ആലങ്ങാട്, തിരുവാലൂർ, കൊടുവഴങ്ങ, പാനായിക്കുളം തുടങ്ങിയ പ്രദേശങ്ങളിലും ക്രിസ്ത്യൻ ആരാധനാലയങ്ങളിലും പി.രാജീവ് സന്ദർശനം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി അബ്ദുൾ റഫൂർ ആണെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ പ്രഖ്യാപിച്ചിട്ടില്ല.