വേനൽ കടുത്തു; പാൽ ഉത്പാദനത്തിൽ ഇടിവ്

Tuesday 17 March 2026 12:39 AM IST

തിരുവനന്തപുരം: പൊരിവെയിലിൽ പച്ചപ്പുല്ല് ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ പാൽ ഉത്പാദനം ഇടിയുന്നു. പ്രതിദിനം 18.5 ലക്ഷം ലിറ്റർ പാൽ വിൽക്കുന്ന മിൽമയ്ക്ക് ആറ് ലക്ഷത്തിലധികം ലിറ്ററിന്റെ കുറവുണ്ട്.

കർണാടക,ആന്ധ്ര പ്രദേശ്,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മൾട്ടി കോ-ഓപ്പറേറ്റീവ് ഡയറികളിൽ നിന്നും പാൽ വാങ്ങിയാണ് ഈ കുറവ് നികത്തുന്നത്. പുറമെ തൈര്, നെയ്യ്, മറ്റുൽപ്പന്നങ്ങൾ എന്നിവയ്‌ക്ക് അധികം പാൽ ആവശ്യമാണ്. തമിഴ്‌നാട്ടിലും പാൽ ഉത്പാദനം കുറഞ്ഞതിനാലാണ് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്.

തിരുവനന്തപുരം മേഖലയിൽ ആറു ലക്ഷത്തിലധികം ലിറ്ററാണ് പ്രതിദിന വില്പന . അതിൽ രണ്ടര ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ട്. തിരുവനന്തപുരത്ത് കുറവ് വരുന്ന പാൽ മുമ്പ് മലബാർ മേഖലയിൽ നിന്നാണ് എത്തിച്ചിരുന്നതെങ്കിലും അവിടെയും ഉത്പാദനം കുറഞ്ഞു.

വേനൽ കടുക്കുന്നതോടെ ഇനിയും കൂടുതൽ പാൽ എത്തിക്കേണ്ട അവസ്ഥയാണ്. അന്തരീക്ഷ താപനില കൂടുന്നതും സംസ്ഥാനത്ത് പാൽ ഉത്പാദനം കുറച്ചു.

പാൽ ഉത്പാദനം കുറയാതിരിക്കാൻ

വേനൽകാലത്ത് പശുക്കൾക്ക് ധാരാളം വെള്ളം കൊടുക്കുക. തീറ്റയിൽ വ്യതിയാനമുണ്ടാവരുത് ഭക്ഷണത്തിൽ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടാൻ പരുത്തിക്കുരു,സോയാബീൻ എന്നിവ ഉൾപ്പെടുത്തുക പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ, ഈർക്കിൽ കളഞ്ഞ ഓല എന്നിവ നൽകുക. ദിവസവും കുളിപ്പിക്കുക താപനില കൂടുന്നത് സങ്കരയിനം കന്നുകാലികളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും ദിവസവും പശുക്കളെ കുളിപ്പിക്കണം, വെയിലത്ത് കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്