യോഗം ഡയറക്ടർമാരുടെ അയോഗ്യത: വെള്ളാപ്പള്ളിയും തുഷാറും അപ്പീൽ നൽകി

Tuesday 17 March 2026 12:00 AM IST

കൊച്ചി: എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡിൽ നിന്ന് അയോഗ്യരാക്കിയ സിംഗിൾ ബെ‌ഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.

ഇരുവരും യഥാക്രമം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികൾ വഹിക്കുമ്പോഴാണ് അയോഗ്യത വന്നത്. സിംഗിൾബെഞ്ച് ഉത്തരവ് അധികാരപരിധി മറികടന്നാണെന്ന് വാദിക്കുന്ന അപ്പീൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. അപ്പീലിൽ തീർപ്പാകുംവരെ സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.കമ്പനികളുടെ ആഭ്യന്തര കാര്യങ്ങളിലും ഡയറക്ടർമാരുടെ അയോഗ്യത സംബന്ധിച്ച തർക്കങ്ങളിലും ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും അവ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിന്റെ പരിധിയിൽ വരുന്നതാണെന്നും അഡ്വ. എ.എൻ. രാജൻ ബാബു മുഖേന നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടി.

എസ്.എൻ.ഡി.പി യോഗം സ്വകാര്യ കമ്പനിയാണെന്നും ,അതിന്റെ ആഭ്യന്തര വിഷയങ്ങളിൽ റിട്ട് ഹർജികൾ നിലനിൽക്കില്ലെന്നും നേരത്തേ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി സ്റ്റേ ചെയ്ത മറ്റൊരു കേസിലെ നിരീക്ഷണങ്ങൾ ആധാരമാക്കിയാണ് സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇത് നിയമപരമായി നിലനിൽക്കില്ലെന്നും വാദിക്കുന്നു.

വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ യോഗത്തിന് വീഴ്ച പറ്റിയിട്ടില്ല. മുമ്പ് കമ്പനി രജിസ്ട്രാർക്ക് നൽകിയിരുന്ന റിട്ടേണുകൾ, 2005ലെ കേന്ദ്ര സർക്കാർ ഉത്തരവു പ്രകാരം സംസ്ഥാന രജിസ്ട്രാർ ജനറലിന് നൽകിത്തുടങ്ങിയിരുന്നു. യോഗം കൃത്യമായി റിട്ടേണുകൾ നൽകിയിട്ടുണ്ടെന്ന് സിംഗിൾബെഞ്ച് ഉത്തരവിലും പരാമർശിക്കുന്നുണ്ട്. രേഖകൾ വർഷങ്ങളോളം ഹൈക്കോടതിയുടെ കസ്റ്റഡിയിലായിരുന്നതിനാൽ ചില സാങ്കേതിക തടസങ്ങൾ നേരിട്ടുവെന്നതു മാത്രമാണ് വസ്തുതയെന്നും അപ്പീലിൽ പറയുന്നു.

സംസ്ഥാന സർക്കാർ നൽകുന്ന ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡി.ഐ.എൻ) ഇല്ലെന്നതായിരുന്നു ഡയറക്ടർമാരെ അസാധുവാക്കാൻ മറ്റൊരു കാരണം. കേന്ദ്ര സർക്കാർ നൽകിയ സാധുവായ ഡി.ഐ.എൻ നമ്പറുകൾ ഹാജരാക്കിയിട്ടും സിംഗിൾ ബെഞ്ച് പരിഗണിച്ചില്ല. സംസ്ഥാന സർക്കാർ ഇത്തരമൊരു നമ്പർ നൽകാൻ ചട്ടങ്ങൾ പോലും രൂപീകരിച്ചിട്ടില്ലെന്ന് കോടതി സമ്മതിക്കുന്നുമുണ്ട്. ഈ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാർച്ച് 12ലെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത്.

കമ്പനി നിയമപ്രകാരം ഡയറക്ടർമാർക്ക് അയോഗ്യതയില്ലെന്ന രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രൊഫ. എം.കെ. സാനു, എസ്. ചന്ദ്രസേനൻ തുടങ്ങിയവർ നൽകിയ ഹ‌ർജികളിലായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. ഇതിലൂടെ അയോഗ്യത നേരിട്ട ഡോ.എം.എൻ. സോമൻ, അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരും അപ്പീലിൽ കക്ഷികളാണ്. പുതിയ ഡയറക്ടർമാരെ തിരഞ്ഞെടുക്കുന്നതു വരെ സർക്കാർ താത്കാലിക ഡയറക്ടർമാരെ നിയമിക്കണമെന്നും ഉത്തരവുണ്ടായിരുന്നു.