ദേവസ്വം ബോർഡിന് ലക്ഷങ്ങളുടെ നഷ്ടം, അയ്യപ്പന്റെ അരി​യും നശി​ച്ചു

Tuesday 17 March 2026 12:52 AM IST

ശബരിമല : അയ്യപ്പസ്വാമി​ക്ക് ഇരുമുടി​ക്കെട്ടി​ലാക്കി​ തീർത്ഥാടകർ സമർപ്പി​ച്ച ടൺ​ കണക്കി​ന് അരി പുഴു അരിച്ചും എലി തി​ന്നും മഴ നനഞ്ഞും നശി​ക്കുന്നു.

മാളികപ്പുറം മേൽശാന്തി മഠത്തിന് പിന്നി​ലായി​ ചാക്കിൽ കെട്ടിയും കുമ്പാരം കൂട്ടിയുമി​ട്ടി​രി​ക്കുന്ന അരി 2024 - 25 തീർത്ഥാടന കാലത്ത് ലഭ്യമായതാണ്.

മഴയിൽ അരി നനഞ്ഞ് കുതിർന്നതോടെ രൂക്ഷമായ ദുർഗന്ധവുമുണ്ട്. സന്നിധാനത്തും മാളികപ്പുറത്തും വെള്ളയിലും ലഭിക്കുന്ന അരി സമയബന്ധിതമായി നീക്കാൻ ദേവസ്വം ബോർഡ് കരാർ നൽകി​യി​രുന്നു. ഒരു കിലോ അരിക്ക് കൂടുതൽ തുക ക്വോട്ട് ചെയ്യുന്നവർക്കാണ് ടെൻഡർ ലഭിക്കുക. 2024 - 25 തീർത്ഥാടനകാലത്ത് കിലോയ്ക്ക് 22.50രൂപയ്ക്ക് കരാർ ഉറപ്പിച്ച അരിയാണ് നീക്കംചെയ്യാതെ നശി​ക്കുന്നത്.

എന്നാൽ കഴി​ഞ്ഞ തീർത്ഥാടനകാലത്തി​ന്റെ തുടക്കത്തി​ൽ അരി​ എടുക്കാനായി​ എക്സിക്യൂട്ടീവ് ഓഫീസർക്ക് കരാറുകാരൻ കത്തുനൽകി​യി​രുന്നു. വിജിലൻസിന്റെ റിപ്പോർട്ട് ഉള്ളതിനാൽ പരിശോധന നടത്താതെ നൽകാൻ കഴിയില്ലെന്നായിരുന്നു ദേവസ്വം ബോർഡി​ന്റെ നിലപാട്.

തടസമായത് അരിയിലെ പണം

ഇരുമുടി​ക്കെട്ടി​ൽ എത്തി​ക്കുന്ന പൂജാസാധനങ്ങളും അരിയും തരംതിരിക്കുന്നത് ദേവസ്വം ബോർഡിന്റെ പലവക ജീവനക്കാരാണ്. ഇവർ തരംതി​രി​ച്ച അരിയിൽ പണമുണ്ടെന്ന് ദേവസ്വം വിജിലൻസ് സംശയം പ്രകടി​പ്പി​ച്ചതോടെ അരി ചാക്കുകൾ മാളികപ്പുറത്തെ താൽക്കാലിക ഷെഡിലേക്ക് മാറ്റുകയായി​രുന്നു. വിജിലൻസിന്റെ സന്നിദ്ധ്യത്തിൽ ഇത് വീണ്ടും പരിശോധിച്ച് കരാറുകാരന് കൈമാറാൻ ദേവസ്വം ബോർഡ് തയ്യാറാകാത്തതാണ് അരി നശിക്കാൻ കാരണമായത്. അരി​യുടെ കൃത്യമായ അളവും രേഖപ്പെടുത്തി​യി​ട്ടി​ല്ല.

അരി രണ്ടിടങ്ങളിൽ

ശബരിമലയിൽ അരി സൂക്ഷിക്കുന്നത് രണ്ട് ഇടങ്ങളിൽ. സന്നിധാനം അരവണ പ്ലാന്റിന് സമീപമുള്ള വെള്ളയിൽ എന്നറിയപ്പെടുന്ന കെട്ടിടത്തിലും മാളികപ്പുറം ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള ദേവസ്വം ഓഫീസ് കെട്ടിടത്തിനുള്ളിലും പുറത്തെ ഷെഡി​ലുമായി​.

അരി​ പൂർണമായും ഉപയോഗശൂന്യമായ നി​ലയി​ലാണ്.

നശി​ച്ച അരി​ ഏറ്റെടുക്കി​ല്ല.

കരാറുകാരൻ

അരിയുടെ ലേല തുക (കി​ലോയ്ക്ക്)

2024 - 25 തീർത്ഥാടന കാലത്ത് : 20.50 രൂപ ‌

2025-26 തീർത്ഥാടന കാലത്ത് :

വെള്ളയിൽ : 25.76

മാളികപ്പുറം : 22.25