സഞ്ജു, രാജ്യത്തിന് കേരളം നൽകിയ സംഭാവന : മുഖ്യമന്ത്രി

Monday 16 March 2026 10:58 PM IST

തിരുവനന്തപുരം; ഇന്ത്യൻ ക്രിക്കറ്റിന് കേരളം നൽകിയ ഈടുറ്റ സംഭവനകളിലൊന്നാണ് സഞ്ജു സാംസണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച മംഗലപുരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവേദിയിൽ ട്വന്റി 20 ലോകകപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച സഞ്ജു സാംസണ് ഉപഹാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജു കളിച്ച ഓരോ ഷോട്ടും പതിച്ചത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ്. സഞ്ജുവിന്റെ പ്രകടനത്തിന് പുറമെ സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയും വിജയത്തിന് ആധാരമായി. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെയും ആത്മാർത്ഥമായി കളിച്ച ഓരോ കളിക്കാരെയും അഭിന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ 2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് പരാജയപ്പെട്ടതിന് പകരമായി അതേ ഗ്രൗണ്ടിൽ മറ്റൊരു ലോകകപ്പ് ഫൈനലിൽ വിജയിപ്പിച്ച് രാജ്യത്തിനാകെ സന്തോഷത്തിലേക്ക് നയിച്ചത് സഞ്ജു നേടിയ റൺസുകളാണ്.15 വയസ് തികയും മുൻപ് രഞ്ജിട്രോഫിയിൽ അരങ്ങേറിയ സഞ്ജു, ഇന്ന് സൂപ്പർ താരമായി വളർന്നു. ചെന്നൈ ടീമിന് വേണ്ടി ഇനി മത്സരിക്കാനിറങ്ങുന്ന സഞ്ജുവിന്റെ പ്രകടനം കാണാൻ രാജ്യം കാത്തിരിക്കുകയാണ്. ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാളി കായികതാരമായി സഞ്ജു മാറി. കഠിനാധ്വാനവും മനസാന്നിധ്യവുമാണ് അദ്ദേഹത്തെ ഈ നിലയിലേക്ക് മാറ്റിയത്.ഗ്രൗണ്ടിലും പുറത്തും അടിമുടി മാന്യത പുലർത്തുന്ന കായിക താരമാണ് സഞ്ജു. മകന്റെ കായിക ശേഷി തേച്ചു മിനുക്കിയെടുക്കാൻ ജീവിതം ഉഴിഞ്ഞുവച്ച കുടുംബത്തിന്റെ നിശ്ചയദാർഢ്യവും പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്ന ജീവിത പങ്കാളിയും സഞ്ജുവിന്റെ വിജയത്തിന് പിന്നിലുണ്ട്. കേരളത്തിൽ നിന്നും പരിശീലിച്ച് ദേശീയ ടീമിലേക്ക് എത്തിയ സഞ്ജു, ക്രിക്കറ്റ് കളിച്ചുവരുന്ന പുതുതലമുറയ്ക്ക് പ്രചോദനമാണ്. കേരള ക്രിക്കറ്റിനുണ്ടായ മുന്നേറ്റത്തിന്റെ തിളക്കമുള്ള അടയാളം കൂടിയാണ് സഞ്ജു. ഒപ്പം കഴിഞ്ഞ 10 വർഷം കായിക മേഖലയിലുണ്ടായ മാറ്റത്തിന്റെ കൂടി ചിത്രമാണ്. എല്ലാ ജില്ലകളിലും സ്റ്റേഡിയം നിർമ്മിക്കാനുള്ള ക്രിക്കറ്റ് അസോസിയേഷൻ ലക്ഷ്യത്തിന് വിഘാദമായി ഉണ്ടായിരുന്ന നിയമതടസങ്ങളിൽ ഇളവ് നൽകി സ്ഥലം ഏറ്റെടുക്കാൻ അനുമതി നൽകിയത് കേരളത്തിന്റെ കായിക വികസനത്തിന് വേണ്ടിയാണ്. തിരുവനന്തപുരത്ത് വെള്ളായണിയിലും മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും കളിച്ചിരുന്നവർക്ക് മൺസൂൺ കാലം വെല്ലുവിളിയായിരുന്നു.കേരളത്തിന്റെ കായിക മുന്നേറ്റത്തിനാകെയും തിരുവനന്തപുരം ജില്ലയ്‌ക്ക് വിശേഷിച്ചും ഉപകാരപ്രദമാകുന്നതാണ് ഈ ഗ്രൗണ്ടെന്നും അദ്ദേഹം പറഞ്ഞു.

വലിയ ലക്ഷ്യങ്ങൾ മുന്നിലുണ്ടെങ്കിലേ നാളെ ഉയരങ്ങളിൽ എത്താൻ കഴിയൂവെന്ന് സഞ്ജു സാംസൺ മറുപടിയായി പറഞ്ഞു. ആഗ്രഹത്തിന് പരിധി പാടില്ല. അത്തരം ആഗ്രഹമാണ് എല്ലാ കായിക താരങ്ങൾക്കും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ യാത്രയിൽ സഹായിക്കാൻ കുറേപ്പേർ ഉണ്ടാകും എന്നാൽ ചിലർ എതിർക്കും അത്തരം എതിര്ശബ്ദങ്ങളാണ്‌ മുന്നോട്ടുപോകാനുള്ള ശക്തിയാകുന്നത്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നതായും തന്റെ നേട്ടത്തിൽ സ്വന്തം നാട്ടുകാർ സന്തോഷിക്കുന്നത് കാണുമ്പൊൾ അഭിമാനം തോന്നുന്നുവെന്നും സഞ്ജു പറഞ്ഞു. അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം , ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം എന്നിവ കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത്‌ വി. നായർ അധ്യക്ഷത വഹിച്ചു. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ​ജീന ബാബു, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ തുടങ്ങിയവർ പങ്കെടുത്തു .